മണ്‍സൂണ്‍ പോലുള്ള സൂര്യപ്രകാശം കുറഞ്ഞ ഇരുണ്ട കാലാവസ്ഥയിലാണ് സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡര്‍ (SAD) ഉണ്ടാവാറുള്ളത്. ക്ഷീണം, വിഷാദം, നിരാശ, സാമൂഹികമായ പങ്കാളിത്തത്തില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കല്‍ തുടങ്ങിയവയെല്ലാം ഒരുപക്ഷ ഇതിന്‍റെ ലക്ഷണങ്ങളാവാം. കാലാവസ്ഥയില്‍ ഇടക്കിടെയുണ്ടാകുന്ന മാറ്റങ്ങളും, അന്തരീക്ഷത്തിലെ സൂര്യപ്രകാശത്തിന്‍റെ അളവിലുള്ള കുറവും ഏതാണ്ട് എല്ലാവരിലും പ്രതികൂലമായാവും പ്രതിഫലിക്കുക. മഴക്കാലത്താവും ഇത് രൂക്ഷമാവാന്‍ സാധ്യത.
അതുകൊണ്ട് തന്നെ മണ്‍സൂണില്‍ പ്രകടമായി കാണാറുള്ള ഈ സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡറിനെ 'മണ്‍സൂണ്‍ ബ്ലൂസ്' എന്നും പറയാറുണ്ട്. ഉഷ്‌ണകാലത്ത് കൂടുതല്‍ ആളുകളും മണ്‍സൂണ്‍ എത്താന്‍ കാത്തിരിക്കുകയാവും. കാരണം റൊമാന്‍സ് ഇഷ്‌ടപ്പെടുന്നവരും, ഒഴിവുസമയം ഇഷ്‌ടപ്പെടുന്നവര്‍ക്കും മണ്‍സൂണിനോളം പ്രിയപ്പെട്ട മറ്റൊരു കാലാവസ്ഥ കാണില്ല. ഹിന്ദി ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മഴയ്‌ക്കും റൊമാന്‍സിനും പ്രത്യേക ബന്ധം തന്നെ ഉള്ളതായി കാണാനാവും. എന്നാല്‍ തുടര്‍ച്ചയായ മഴയും, മൂടിക്കെട്ടിയ ആകാശവും പതിയെ സങ്കടത്തിലേക്കും വിഷാദത്തിലേക്കും മാറുകയാണ് പതിവ്.
മണ്‍സൂണിലെന്ന പോലെ ശൈത്യകാലത്തും സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡര്‍ കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ വിദഗ്‌ദരുടെ അഭിപ്രായത്തില്‍ കാലാവസ്ഥ ഒരു വ്യക്തിയുടെ സ്വഭാവത്തെ മാത്രമല്ല, ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. സൂര്യപ്രകാശവും വെളിച്ചവും ശരീരത്തിന് അത്രമാത്രം ആവശ്യമുള്ളതാണ്. എന്നാല്‍, മഴക്കാലത്തും, ശൈത്യകാലത്തും നേരിട്ടുള്ള സൂര്യപ്രകാശം ദീര്‍ഘനാളത്തേക്ക് ലഭിക്കാതെ വരുന്നതിനാല്‍ അത് വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിക്കാറുണ്ട്. ഇത്തരക്കാരില്‍ സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡറാവും ഫലം.
മാനസികാരോഗ്യ വിദഗ്‌ദരുടെ അഭിപ്രായത്തില്‍ ദീര്‍ഘനാള്‍ സൂര്യപ്രകാശം ലഭിക്കാതെ വരുന്നത് മണ്‍സൂണ്‍ ബ്ലൂവിനും, വിന്‍റര്‍ ബ്ലൂവിനും കാരണമായേക്കാം എന്നാണ്. ഈ രണ്ട് അവസ്ഥയിലും ഇത് ബാധിച്ച വ്യക്തി വിഷാദത്തിലാകാനും, ഇയാളുടെ മനോനില പൊടുന്നനെ മാറാനും, കാരണമില്ലാതെ സങ്കടപ്പെടാനും ഇടയുണ്ട്. മാനസിക നിലയില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങുന്നതോടെ അത് അവരുടെ സ്വഭാവത്തിലും, ദൈനംദിന പ്രവര്‍ത്തികളിലും, ഒരുപക്ഷെ ഇവരുടെ സ്വകാര്യവും, സാമൂഹികമായുള്ള ജീവിത ഇടപെടലുകളിലും പ്രതിഫലിക്കാറുണ്ട്.
Also Read: വ്യായാമം ചെയ്യാൻ മടിയാണോ? ചികിത്സയിലൂടെയും 'മസില്‍ മാൻ' ആവാം! പുതിയ കണ്ടുപിടിത്തവുമായി ഗവേഷകര്‍
രോഗാവസ്ഥയുടെ കാരണങ്ങള്‍ ഇതാണ്:
നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് (എന്‍ഐഎംഎച്ച്) ന്‍റെ കണ്ടെത്തലില്‍ ഇരുണ്ട കാലാവസ്ഥയില്‍ ഇത്തരം മാനസിക ക്രമക്കേടുകള്‍ സാധാരണമാണ്. 'ഹൈപ്പോതലാമസിലെ പ്രശ്‌നങ്ങൾ', 'സെറോടോണിൻ ന്യൂറോണുകളുടെ കുറവ്', 'ശരീരത്തിലെ ജൈവഘടികാരത്താലുള്ള അസ്വസ്ഥതകൾ' എന്നിവയാണ് ഈ വിഷയത്തില്‍ നടത്തിയ ഗവേഷണങ്ങളില്‍ പ്രധാനമായും കണ്ടെത്തിയത്. ഈ മൂന്ന് അവസ്ഥകളും ഉണ്ടാകുന്നതാവട്ടെ ശരിയായ രീതിയില്‍ സൂര്യപ്രകാശം ലഭിക്കാത്തത് കൊണ്ടും.
ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 'വിറ്റാമിന്‍ ഡി' കൂടുതലായും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. അതിന്‍റെ കുറവ് തലച്ചോറിലെ സെറോടോണിൻ എന്ന ന്യൂറോ ട്രാൻസ്‌മിറ്ററിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നു. 'മൂഡ് സ്‌റ്റെബിലൈസര്‍' എന്ന് അറിയപ്പെടുന്നത് ഈ ന്യൂറോ ട്രാൻസ്‌മിറ്ററാണ്. ഈ ന്യൂറോ ട്രാൻസ്‌മിറ്റര്‍ കൂടുതലുള്ളതാവട്ടെ സൂര്യപ്രകാശത്തിലും. ദീര്‍ഘനാള്‍ സൂര്യപ്രകാശത്തില്‍ വരുന്ന അഭാവം തലച്ചോറിലെ സെറോടോണിന്‍റെ അളവിനെ ബാധിക്കുകയും, ഉറക്കം, ഉണര്‍ച്ച, ദഹനപ്രക്രിയ തുടങ്ങിയ ശരീരത്തിന്‍റെ ജൈവഘടികാരത്തെ ബാധിക്കുകയും ചെയ്യും.
Also Read: ഒമിക്രോണിന് ശേഷം രാജ്യത്ത് പുതിയ കൊവിഡ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രം
ലക്ഷണങ്ങള്‍ എന്തെല്ലാം?
എന്‍ഐഎംഎച്ചിന്‍റെ കണ്ടെത്തലില്‍ 'സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡര്‍' വ്യക്തികളില്‍ മണ്‍സൂണ്‍ പാറ്റേണ്‍, വിന്‍റര്‍ പാറ്റേണ്‍ തുടങ്ങി പല രീതിയിലാവും കാണുക. വിഷാദ രോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഇവിടെയും കാണാനാകും. എന്നാല്‍ ഓരോ വ്യക്തികളിലും ഇത് വേറിട്ട രീതിയിലാവും കണ്ടെത്താനാവുക.
ഈ മനോവൃത്തിയുടെ മറ്റു ചില ലക്ഷണങ്ങൾ ഇവയാണ്:
- സങ്കടമോ ഏകാന്തതയോ തോന്നുക.
- വിശപ്പ്, ഭാരം എന്നിവ കൂടുകയോ കുറയുകയോ ചെയ്യുക.
- അമിതമായ ഉറക്കം, അല്ലെങ്കിൽ ഉറക്കമില്ലായ്‌മ.
- ജോലിയിലുള്ള വിരസത.
- ഊർജ്ജം കുറഞ്ഞതായുള്ള തോന്നല്‍.
- ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക.
- എല്ലാ സമയത്തും കരയുന്നത് പോലെ തോന്നുക.
- നിരാശയോ, കുറ്റബോധമോ, ആത്മാഭിമാനത്തില്‍ കുറവോ തോന്നുക.
- എന്തിനും അനിശ്ചിതത്വം തോന്നുക.
- ശാരീരിക ബന്ധങ്ങളിൽ താൽപ്പര്യമില്ലായ്‌മ.
- സാമൂഹിക ജീവിതത്തിൽ നിന്നുള്ള അകല്‍ച്ച.
- അമിതമായ ഉത്കണ്‌ഠ, പ്രകോപനം, അല്ലെങ്കിൽ ദേഷ്യം.
- ആത്മഹത്യയെ കുറിച്ചുള്ള ചിന്തകൾ, അല്ലെങ്കിൽ മരണത്തെ കുറിച്ചുള്ള ചിന്തകൾ.
Also Read: ലൈംഗിക ബന്ധത്തിലൂടെ മങ്കിപോക്‌സ് പകരുമോ ? ; അറിയാം വിദഗ്‌ധരുടെ വിലയിരുത്തലുകള്‍
എങ്ങനെ മറികടക്കാം:
ഉത്തരാഖണ്ഡില്‍ നിന്നുള്ള മാനസികാരോഗ്യ വിദഗ്‌ദ ഡോ.രേണുക ശര്‍മ്മയുടെ അഭിപ്രായത്തില്‍ 'സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡര്‍' കാര്യമാക്കേണ്ട രോഗാവസ്ഥയല്ല. ഈ അവസ്ഥയിൽ സന്തോഷവാനായിരിക്കാനും സ്വയം തിരക്കിലായിരിക്കാനുമാണ് പ്രധാനമായും ശ്രമിക്കേണ്ടത്. ഈ മനോവൃത്തിയുടെ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും, ലഘൂകരിക്കുന്നതിനും ചില നുറുങ്ങുവഴികളും അവര്‍ പങ്കുവച്ചു.
- കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുക.
- ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.
- ശരിയായ സമയത്ത് ശരിയായ അളവിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
- ദിനചര്യയിൽ ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്തുക.
- ഇഷ്‌ടപ്പെട്ട സംഗീതം കേൾക്കുക, അല്ലെങ്കിൽ ഇഷ്‌ടമുള്ള വിനോദം പിന്തുടരുക.
- ഇരുണ്ടതും വെളിച്ചം കുറഞ്ഞതുമായ മുറികളിലോ സ്ഥലങ്ങളിലോ ഇരിക്കുന്നതും, താമസിക്കുന്നതും ഒഴിവാക്കുക.