വായു മലിനീകരണം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. ഉയർന്ന മലിനീകരണ തോതുമായി സമ്പർക്കം പുലർത്തുന്നത് ഹൃദ്രോഗമുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. മാഡ്രിഡിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ഇഎസ്‌സി) ശാസ്‌ത്ര കോൺഗ്രസിൽ കഴിഞ്ഞ ആഴ്‌ച അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പഠനം നടത്തിയത് അരിത്‌മിയ ഉള്ളവരില്‍ : ഹൃദയസ്‌പന്ദനത്തില്‍ വ്യതിയാനമുണ്ടാകുന്ന അവസ്ഥ അഥവാ അരിത്‌മിയ ഉള്ള രോഗികളിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. അരിത്‌മിയ എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയുന്നതിന് വേണ്ടി ഇവരുടെ ശരീരത്തില്‍ ഇംപ്ലാന്‍റബിള്‍ കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ(ഐസിഡി) ഘടിപ്പിച്ചിരുന്നു. 2013 ജനുവരിക്കും 2017 ഡിസംബറിനും ഇടയിൽ ശരീരത്തില്‍ ഐസിഡി ഘടിപ്പിച്ച 146 രോഗികളെ പഠനത്തില്‍ ഉള്‍പ്പെടുത്തി.
ഇതില്‍ 93 പേർക്ക് ഹൃദയാഘാതത്തെ തുടർന്നും 53 പേർക്ക് ജനിതകമോ വീക്കം മൂലമോ സംഭവിച്ച ഹൃദ്രോഗത്തെ തുടർന്നുമാണ് ഐസിഡി ശരീരത്തില്‍ ഘടിപ്പിച്ചത്. പഠനത്തില്‍ പങ്കെടുത്ത 67 രോഗികളില്‍ വെൻട്രിക്കുലാർ അരിത്‌മിയ നേരത്തെ സംഭവിച്ചിരുന്നു. മുന്‍പ് അരിത്‌മിയ ഉണ്ടാകാത്ത 79 രോഗികളേയും പഠനത്തില്‍ ഉള്‍പ്പെടുത്തി.
2017 അവസാനം വരെ ഐസിഡിയില്‍ നിന്ന് പഠനത്തിന്‍റെ ഭാഗമായി വെന്‍ട്രിക്കുലാര്‍ അരിത്‌മിയ ഉണ്ടാകുന്നതിന്‍റെ ഡാറ്റ ശേഖരിച്ചു. ഉപകരണത്തിലൂടെ രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയുടെ വിവരങ്ങളും ഗവേഷക സംഘം ശേഖരിച്ചിരുന്നു. സാധാരണ ഹൃദയമിടിപ്പും താളവും പുനഃസ്ഥാപിക്കുന്നതിനായി ഹൃദയപേശികളിലേക്ക് ഇലക്‌ട്രിക് ഇംപള്‍സസ് നൽകുന്ന വെൻട്രിക്കുലാർ ടാക്കിക്കാർഡിയയ്‌ക്കുള്ള (വേഗതയോടെയുള്ള ഹൃദയമിടിപ്പ്) ആന്‍റിടാക്കിക്കാർഡിയ പേസിങും വെൻട്രിക്കുലാർ ഫൈബ്രിലേഷൻ സമയത്ത് ഹൃദയമിടിപ്പ് പുനഃസജ്ജമാക്കുന്നതിനുള്ള ഇലക്‌ട്രിക് ഷോക്കും ഇതില്‍ ഉള്‍പ്പെടുന്നു.
വായു മലിനീകരണവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം : വായു മലിനീകരണം കൂടുതലുള്ള വടക്കൻ ഇറ്റലിയിലെ പിയാസെൻസ എന്ന നഗരമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഉയർന്ന വായു മലിനീകരണമുള്ള ദിവസങ്ങളിൽ അരിത്‌മിയയുള്ള രോഗികള്‍ എമര്‍ജന്‍സി റൂം സന്ദര്‍ശിക്കുന്നത് കൂടുതലാണെന്ന് ഗവേഷക സംഘം നിരീക്ഷിച്ചിരുന്നു. തുടർന്ന് രോഗികൾക്ക് അരിത്‌മിയ ഉണ്ടാകുന്ന ദിവസങ്ങളിലെ വായുവിലെ മലിനീകരണ വസ്‌തുക്കളുടെ (എയര്‍ പൊല്യൂട്ടന്‍റ്‌സ്) സാന്ദ്രതയും അല്ലാത്ത ദിവസങ്ങളിലെ മലിനീകരണ വസ്‌തുക്കളുടെ സാന്ദ്രതയും താരതമ്യം ചെയ്യാൻ തീരുമാനിച്ചു.
പിഎം 2.5 (വായുവിലുള്ള 2.5 മൈക്രോണുകളോ അതിൽ താഴെയോ വലിപ്പമുള്ള ചെറിയ മലിനീകരണ ഘടകങ്ങളെയാണ് പിഎം 2.5 എന്ന് സൂചിപ്പിക്കുന്നത്), പിഎം 10 (വായുവിലുള്ള 10 മൈക്രോണോ അതിൽ കുറവോ വ്യാസമുള്ളവയെ പിഎം 10 എന്ന് വിളിക്കുന്നു), കാർബൺ മോണോക്സൈഡ് (CO), നൈട്രജൻ ഡയോക്സൈഡ് (NO2), ഓസോൺ (O3) എന്നിവയുടെ ദൈനംദിന അളവ് റീജ്യണല്‍ എൻവയോൺമെന്‍റല്‍ പ്രൊട്ടക്ഷൻ ഏജൻസിയുടെ (ARPA) നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചു. രോഗികൾക്ക് അവർ താമസിക്കുന്ന പ്രദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌പോഷര്‍ നല്‍കിയത്. മലിനീകരണ വസ്‌തുക്കളുടെ സാന്ദ്രതയും വെൻട്രിക്കുലാർ അരിത്‌മിയ ഉണ്ടാകുന്നതും തമ്മിലുള്ള ബന്ധം ഗവേഷകർ വിശകലനം ചെയ്‌തു.
അപകട സാധ്യത വർധിപ്പിക്കുന്നു : പഠന കാലയളവിൽ 440 തവണ രോഗികളില്‍ വെൻട്രിക്കുലാർ അരിത്‌മിയ ഉണ്ടാകുന്നതായി ഗവേഷകർ രേഖപ്പെടുത്തി. അതിൽ 322 എണ്ണം ആന്‍റിടാക്കിക്കാർഡിയ പേസിങ് ഉപയോഗിച്ചും 118 എണ്ണം ഷോക്ക് ഉപയോഗിച്ചുമാണ് ചികിത്സിച്ചത്. പഠനത്തിലൂടെ ഗവേഷകർ പിഎം 2.5 ലെവലും വെൻട്രിക്കുലാർ അരിത്‌മിയയും തമ്മിൽ ബന്ധം കണ്ടെത്തി.
പിഎം 2.5 ലെ ഓരോ 1 g/m3 വർധനവിനും 1.5 ശതമാനം ഹൃദ്രാഗത്തിനുമുള്ള അപകട സാധ്യത വർധിപ്പിക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ശരാശരി നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, പിഎം 2.5 ന്‍റെ സാന്ദ്രത ആഴ്‌ചയില്‍ 1 g/m3 വർധിച്ചപ്പോള്‍, താപനില പരിഗണിക്കാതെ തന്നെ വെൻട്രിക്കുലാർ അരിത്‌മിയ ഉണ്ടാകാനുള്ള സാധ്യത 2.4 ശതമാനം കൂടുതലാണെന്ന് ഗവേഷക സംഘം കണ്ടെത്തി. പിഎം 10 ന്‍റെ അളവ് ആഴ്‌ചയില്‍ ശരാശരിയേക്കാൾ 1 g/m3 ആയിരുന്നപ്പോൾ, ഹൃദയാഘാതത്തിനുള്ള സാധ്യത 2.1 ശതമാനമായി ഉയർന്നു.
പർട്ടിക്കുലേറ്റ് മാറ്റർ (പിഎം) ഹൃദയപേശികള്‍ക്ക് വീക്കം ഉണ്ടാക്കിയേക്കാം. ഇത് കാർഡിയാക് അരിത്‌മിയ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. വെൻട്രിക്കുലാർ അരിത്‌മിയ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള ആളുകൾ ദൈനംദിന മലിനീകരണ തോത് പരിശോധിക്കണമെന്നാണ് പഠനം നിർദേശിക്കുന്നതെന്ന് ഗവേഷക സംഘത്തിലെ അംഗമായ അലെസിയ സാന്നി പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5 ഉം പിഎം 10 അളവും കൂടുതലാണെങ്കില്‍ (ഉദാഹരണത്തിന് പിഎം 2.5 35 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററിന് മുകളിലും പിഎം 10 50 മൈക്രോഗ്രാം പെര്‍ ക്യുബിക് മീറ്ററുമാണെങ്കില്‍) പരമാവധി വീടിനകത്തിരിക്കുന്നതാണ് അനുയോജ്യം. അതിനൊപ്പം പുറത്തിറങ്ങുമ്പോള്‍ പ്രത്യേകിച്ചും നല്ല ട്രാഫിക്കുള്ള സമയത്ത് എന്‍95 മാസ്‌ക് ഉപയോഗിക്കുക. വീട്ടിലിരിക്കുമ്പോള്‍ എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കണമെന്നും ഗവേഷകർ നിര്‍ദേശിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പുറത്തെ വായു മലിനീകരണം മൂലം പ്രതിവർഷം 4.2 ദശലക്ഷം ആളുകള്‍ക്കാണ് അകാല മരണം സംഭവിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അഞ്ചിലൊന്ന് മരണവും മലിന വായു മൂലം സംഭവിക്കുന്നതാണ്. ഉയർന്ന രക്തസമ്മർദം, പുകയില ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവയ്ക്ക് ശേഷം മരണ നിരക്കിൽ നാലാമത്തെ ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ള ഘടകമാണ് വായു മലിനീകരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
വൈദ്യുത നിലയങ്ങൾ, വ്യവസായങ്ങൾ, കാറുകൾ എന്നിവയിൽ നിന്ന് ടോക്‌സിക് ഘടകങ്ങള്‍ പുറന്തള്ളുന്നതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഹരിത പദ്ധതികൾ ആവശ്യമാണെന്ന് ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി മലിനീകരണം കാലാവസ്ഥ അടിയന്തരാവസ്ഥ എന്നിവ മാത്രമല്ല, പൊതുജനാരോഗ്യ പ്രശ്‌നവുമാണെന്ന് ഈ ഡാറ്റ സ്ഥിരീകരിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ഹൃദ്രോഗമുള്ള രോഗികളുടെ നിലനിൽപ്പിനെ ഫാർമക്കോളജിക്കൽ തെറാപ്പികളും കാർഡിയോളജിയിലെ പുരോഗതിയും മാത്രമല്ല, അവർ ശ്വസിക്കുന്ന വായുവും സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.