വൈത്തിരിയില്‍ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി; വ്യാപാരിക്കും യാത്രക്കാര്‍ക്കും പരിക്ക് - വൈത്തിരി
വെള്ളിയാഴ്‌ച രാവിലെയാണ് ബസ് കടയിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായത്. വ്യാപാരിയുടെയും യാത്രക്കാരുടെയും പരിക്ക് ഗുരുതരമല്ല
വയനാട്: വൈത്തിരിയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. സ്‌കൂള്‍ ബസുമായുമുള്ള അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ, വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 16) ഒന്‍പത് മണിക്കാണ് അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന ആള്‍ക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
സംഭവത്തില്‍ വൈത്തിരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്റ്റേഷനറി കട പൂര്‍ണമായും തകര്‍ന്നു. സുൽത്താൻ ബത്തേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്‍റസി ബസാണ് അപകടത്തിൽപ്പെട്ടത്. കടയിൽ ഉണ്ടായിരുന്ന ഹംസ എന്ന വ്യാപാരിയെ ഉടന്‍ തന്നെ പുറത്തെടുത്തു. ഇയാള്‍ സാധനങ്ങളുടെ ഇടയിൽപ്പെട്ട് കിടക്കുകയായിരുന്നു. ജെസിബിയും ഫയർഫോഴ്‌സും പണിപ്പെട്ടാണ് ഹംസയെ പുറത്തെടുത്തത്. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിക്കേറ്റ യാത്രക്കാരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരെ വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചാരിറ്റി ഭാഗത്ത് നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറയുന്നു. സ്‌കൂള്‍ ബസിൽ ചെറുതായി തട്ടിയ ശേഷം ഒരു ഗുഡ്‌സ് ഓട്ടോയിൽ തട്ടുകയും പിന്നീട് കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.