വയനാട്: സംസ്ഥാനത്ത് തൊഴിലുറപ്പ് കൂലി മുടങ്ങിയിട്ട് എട്ട് മാസം തികയുന്നു. പണം കിട്ടാത്തതുകൊണ്ട് ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ദുരിതത്തിലാണ്. 830 കോടി രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് ഇനത്തിൽ കൂലിയായി കൊടുക്കാൻ ഉള്ളത്. ഒരു ദിവസം തൊഴിൽ എടുത്താൽ 276 രൂപയാണ് കൂലി. 14 ദിവസം കൂടുമ്പോൾ ഡാറ്റ എൻട്രി ചെയ്ത് കേന്ദ്ര ഗ്രാമവികസന വകുപ്പിന് അയച്ചു നൽകണം. ഇ-പേയ്മെൻറ് ആയി തുക അനുവദിക്കുകയായിരുന്നു പതിവ്.
എന്നാൽ കഴിഞ്ഞ ഏഴ് മാസത്തിലേറെയായി തുക ലഭിക്കുന്നില്ല.പ്രളയവും കൃഷിനാശവും കനത്ത പ്രഹരം ഏൽപ്പിച്ച വയനാട്ടിൽ കൂലി കിട്ടാതായതോടെ ദുരിതത്തിലാണ് ആദിവാസികൾ ഉൾപ്പടെയുള്ള തൊഴിലാളികൾ. 45 കോടി 18 ലക്ഷം രൂപയാണ് വയനാട് ജില്ലയിൽ കൂലിയിനത്തിൽ കിട്ടാനുള്ളത്.