വയനാട്: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള. പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതല്‍ അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് കഴിഞ്ഞാല്‍ ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിക്കുക.ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാര്‍ഡുകളിലേക്കും മൂന്ന് നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്‍റെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1857 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
ഗ്രാമപഞ്ചായത്തിലേക്ക് 1308 പേരും നഗരസഭയിലേക്ക് 323 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 171 പേരും ജില്ലാ പഞ്ചായത്തിലേക്ക് 55 പേരും ജനവിധി തേടുന്നു. 737 പേരാണ് ജനറല്‍ വാര്‍ഡുകളില്‍ മത്സര രംഗത്തുള്ളത്. സംവരണ വിഭാഗത്തില്‍ 1120 പേരും മത്സരിക്കുന്നു. വനിതാ സംവരണ വിഭാഗത്തില്‍ 745 സ്ഥാനാര്‍ഥികളും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ 138 പേരും പട്ടികജാതി സംവരണ വാര്‍ഡുകളില്‍ 59 പേരും പട്ടികജാതി വനിതാ സംവരണ മണ്ഡലങ്ങളില്‍ 8 പേരും പട്ടികവര്‍ഗ വനിതാ സംവരണ വിഭാഗത്തില്‍ 170 പേരും മത്സരിക്കുന്നുണ്ട്.
ആകെ 6,25,455 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടര്‍മാരില്‍ 3,05,915 പുരുഷന്മാരും 3,19,534 സ്‌ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 6 പേരുമുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ആറ് പേരാണുള്ളത്. ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍ ആകെ 5,30,894 പേരാണ്. തെരഞ്ഞെടുപ്പിനായി 848 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 99 നഗരസഭാ ഡിവിഷനുകള്‍ക്ക് 99 പോളിങ് സ്‌റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 749 പോളിങ് സ്‌റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 1785 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി അറിയിച്ചു. സുരക്ഷ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജില്ലയെ മൂന്ന് ഇലക്ഷന്‍ സബ് ഡിവിഷനുകളായി വിഭജിച്ച് ഓരോ സബ് ഡിവിഷന്‍റെയും മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട് . പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മോട്ടോര്‍ വാഹനം, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളില്‍ നിന്നും സേനാംഗങ്ങളെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
216 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചു. 132 ബൂത്തുകള്‍ മാവോയിസ്റ്റ് ബാധിതമായതിനാല്‍ ആന്‍റി നക്‌സല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ്/ വീഡിയോഗ്രഫിയുള്ള 152 ബൂത്തുകള്‍ ഉള്‍പ്പെടെ 222 ബൂത്തുകളിലും ഫോറസ്റ്റിനോട് ചേര്‍ന്നുള്ള മൂന്ന് ബൂത്തുകളിലും കൂടുതല്‍ പൊലീസ് ജീവനക്കാരെ വിന്യസിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും, ജില്ലാ ആസ്ഥാനത്തും, സബ് ഡിവിഷന്‍ ആസ്ഥാനത്തും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ട്രൈക്കിങ് ഫോഴ്‌സുകളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 174 വാഹനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തിലും അര മണിക്കൂറിനുള്ളില്‍ എത്തുന്ന വിധത്തിലാണ് പട്രോളിങ് ക്രമീകരിച്ചിരിക്കുന്നത് എന്നും എസ്‌പി പറഞ്ഞു.