വയനാട്: ഔദ്യോഗിക ചുമതലകൾക്കിടയിൽ അരങ്ങില്‍ ദമയന്തിയായി തിളങ്ങി വയനാട് ജില്ല കലക്‌ടര്‍ എ.ഗീത. വയനാട് വള്ളിയൂർകാവ് ഉത്സവത്തിനാണ് കഥകളി വേദിയിൽ ദമയന്തിയായി കലക്‌ടര്‍ എത്തിയത്. ആട്ടക്കഥകളില്‍ പ്രധാനപ്പെട്ട നളചരിതം ഒന്നാം ദിവസത്തില്‍ ഉദ്യാനത്തില്‍ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷമാണ് ജില്ല കലക്‌ടര്‍ അവതരിപ്പിച്ചത്.
നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടയുമാണ് അരങ്ങേറ്റത്തിന്‍റെ ആശങ്കകളില്ലാതെ കലക്‌ടർ അവതരിപ്പിച്ചത്. കഥയാടി തീര്‍ന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെ സദസും ദമയന്തിയെയും കൂട്ടരെയും അഭിനന്ദിച്ചു. ജില്ലാ കലക്‌ടറെന്ന ചുമതലകള്‍ ഏറ്റെടുക്കുന്നതിനും മുമ്പേ തന്നെ കഥകളി അവതരിപ്പിക്കാനുള്ള ആഗ്രഹം മനസിലുണ്ടായിരുന്നു എന്നും എ.ഗീത പറയുന്നു.
കഥകളി ആചാര്യനായ കോട്ടക്കല്‍ സി.എം ഉണ്ണികൃഷ്ണനാണ് എ.ഗീതയുടെ ഗുരു. തിരക്കുകൾക്കിടയിലും രാത്രി സമയം കണ്ടെത്തിയായിരുന്നു പരിശീലനം. കഥകളി അഭ്യസിച്ചിട്ടുള്ള ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ രതി സുധീറുമാണ് കലക്‌ടർക്കൊപ്പം അരങ്ങിൽ എത്തിയത്.
ALSO READ: എസ്‌എസ്‌എല്‍സി പ്ലസ്‌ടു പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വി ശിവന്‍കുട്ടി
ഭരതനാട്യം അഭ്യസിച്ചിട്ടുള്ള എ.ഗീത ഒട്ടേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഈ മെയ് വഴക്കം കഥകളിക്കും സഹായം ചെയ്തു. ജില്ല കലക്‌ടറടങ്ങിയ സംഘത്തിന്‍റെ കഥകളി കാണാൻ വള്ളിയൂര്‍ക്കാവിലെ മേലെക്കാവ് അങ്കണം കാണികളാൽ നിറഞ്ഞ് കവിഞ്ഞിരുന്നു. എം.എൽ.എമാരായ ഒ.ആർ കേളു, ടി.സിദ്ധിഖ്, സബ് കലക്‌ടർ, ഡിഎംഒ, എസ്‌പി തുടങ്ങിയവരും കഥകളി കാണാൻ എത്തിയിരുന്നു.