വയനാട് : മന്ത്രി വി അബ്‌ദുറഹിമാന്‍റെ പിന്തുണയിലാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച് 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് സര്‍വീസ് താനൂരില്‍ നടന്നുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സങ്കടങ്ങള്‍ക്കിടയില്‍ ആരോപണം ഉന്നയിക്കേണ്ടെന്ന് കരുതിയാണ് അന്ന് ഇത് പറയാതിരുന്നത്. നാട്ടുകാര്‍ക്കൊക്കെ ഇതറിയാം. ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ല.
മന്ത്രി അബ്‌ദുറഹിമാനുമായി ബന്ധമുള്ള ആളാണ് ബോട്ടുടമ. അതുകൊണ്ട് തന്നെ ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മന്ത്രിക്ക് സാധിക്കില്ല. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണ് താനൂരില്‍ നടന്നത്. നിയമവിരുദ്ധ ബോട്ട് സര്‍വീസ് സംബന്ധിച്ച് മന്ത്രിമാരോട് ജനങ്ങള്‍ നേരിട്ട് പരാതിപ്പെട്ടിട്ടും അവര്‍ മോശമായാണ് പ്രതികരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ഭരണകക്ഷി നേതാക്കളുടെ നിര്‍ലോഭമായ പിന്തുണയാണ് ബോട്ടുടമയ്‌ക്കുള്ളത്. എം എല്‍ എ പരാതിപ്പെട്ടിട്ടും ഒരു സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്താതെയാണ് സര്‍വീസിന് അനുമതി നല്‍കിയത്. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും എന്ത് നിയമലംഘനവും നടത്താനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
എല്ലാവരുടെയും മനസില്‍ വേദനയായി നില്‍ക്കുകയാണ് അപകടത്തില്‍ പൊലിഞ്ഞ ആ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍. ഒൻപത് പേരെ നഷ്‌ടപ്പെട്ട കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത് ? ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ബാധ്യതയുള്ള സംസ്ഥാനത്തിന്‍റെ തെറ്റുകൊണ്ടാണ് ഈ ദുരന്തമുണ്ടായത്. അതുകൊണ്ടുതന്നെ നഷ്‌ട പരിഹാരത്തുകയും വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.