വയനാട്ടിലെ ചരിത്ര പ്രസിദ്ധമായ വള്ളിയൂർക്കാവ് ഉത്സവത്തിൽ കൊടിയേറ്റു നടന്നു. ആചാരമനുസരിച്ച് ആദിവാസി മൂപ്പനാണ് കൊടി ഉയർത്തിയത്.പണ്ട് കൃഷി പണിക്കു വേണ്ടി ആദിവാസികളെ അടിമക്കരാറിലൂടെ ജന്മികൾ സ്വന്തമാക്കിയിരുന്നത് വള്ളിയൂർക്കാവ് ഉത്സവത്തിനായിരുന്നു.
വള്ളിയൂർക്കാവ് ക്ഷേത്രത്തിൻ്റെ ചരിത്രം വയനാടിൻ്റെ ചരിത്രം കൂടിയാണ്. വള്ളിയൂർക്കാവ് പണിയ കോളനിയിലെ മൂപ്പനാണ് ഉത്സവം തുടങ്ങി ഏഴാം നാൾ ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള അവകാശം. കാട്ടിൽ നിന്ന് ശേഖരിച്ച മുളയിൽ കൊടിക്കൂറ കെട്ടി ഉയർത്തുകയാണ് പതിവ്. പാരമ്പര്യ അവകാശികളായ വേമോത്ത് നമ്പ്യാർ തറയിലും എടച്ചന നായർ തറയിലും കൊടി ഉയർത്തി. വല്ലികെട്ടുകയെന്ന കരാറിലൂടെ കൃഷിപ്പണിക്ക് അടിയരേയും പണിയരേയും ഒരു വർഷത്തേക്ക് ജന്മിമാർ സ്വന്തമാക്കിയിരുന്നത് വള്ളിയൂർക്കാവ് ഉത്സവത്തിനായിരുന്നു. ഒരു കഷണം കോറത്തുണിക്കും,ഏഴര സേർ നെല്ലിനും പകരമായി ഒരു വർഷത്തെ അദ്ധ്വാനമാണ് അടിയ-പണിയ തൊഴിലാളികൾ ജന്മിമാർക്ക് പണയപ്പെടുത്തിയിരുന്നത്.ഉത്സവം കഴിഞ്ഞ് ഏഴു ദിവസത്തിനു ശേഷം കൊടിമരം മുറിച്ചാണ് കൊടി താഴ്ത്തുന്നത്.കുറിച്യ വിഭാഗത്തിൽപെട്ടവർക്കാണ് ഇതിനുള്ള അവകാശം.