വയനാട്: മാനന്തവാടിയിൽ നാടിനെ ഭീതിയിലാക്കിയ കടുവയെ തുടര്‍ച്ചയായ ഇരുപത്തിരണ്ടാം ദിവസവും പിടിക്കാനാകാതെ വനംവകുപ്പ്. കുറുക്കന്‍മൂല, പയ്യമ്പള്ളി, ചേലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭീഷണിയുയർത്തിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ യു.ഡി.എഫ് റിലേ സത്യഗ്രഹം തുടങ്ങി.
ആദ്യ ദിനം യു.ഡി.എഫ് ജില്ല കണ്‍വീനറും, ഡി.സി.സി പ്രസിഡന്റുമായ എന്‍.ഡി അപ്പച്ചന്‍ വൈകിട്ട് അഞ്ച് വരെ നിരാഹാര സത്യാഗ്രഹമിരിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ടി. സിദ്ദീഖ് എം.എൽ.എ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കടുവയെ അടിയന്തരമായി പിടികൂടി ജനങ്ങളുടെ ഭീതിയകറ്റുക, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉരുക്കളുടെ വിലയ്ക്ക് അനുസരിച്ച് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Also Read: നാട് വിടാതെ കടുവ; പരാതിയുമായെത്തിയ നാട്ടുകാരെ 'കൈ വച്ച്' വനം വകുപ്പ് ഉദ്യോഗസ്ഥര്‍
എന്നാല്‍ ശനിയാഴ്ച കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച (19.12.21) കുറുക്കന്‍മൂല കാവേരി പൊയില്‍, കല്ലട്ടി, ഓലിയോട്, അമ്മാനി പ്രദേശങ്ങളിലായിരുന്നു വനം വകുപ്പിന്‍റെ തിരച്ചില്‍. കാല്പാട് കണ്ടെത്തിയതല്ലാതെ കടുവയെ നേരിട്ട് കാണാന്‍ തിരച്ചില്‍ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. തമിഴ്നാട് വനം വകുപ്പിന്‍റെ മയക്കുവെടി വിദഗ്ധന്‍ ഡോ. കെ.കെ. രാഗേഷ് കൂടി തിരച്ചില്‍ സംഘത്തില്‍ ചേര്‍ന്നിട്ടും ഫലം കാണാനായില്ല.
അതിനിടെ, കടുവയെ ഞായറാഴ്ചയും നേരിട്ട് കാണാനായിട്ടില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന പറഞ്ഞു. ഉള് വനമേഖലയിലേക്ക് കടുവ നീങ്ങിയതായാണ് തിരച്ചില്‍ സംഘത്തിന്റെ നിഗമനം. ഉത്തരമേഖല സി.സി.എഫും ഏഴ് ഡി.എഫ്.ഒമാരും അടങ്ങിയ വൻ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. 17 വളർത്തുമൃഗങ്ങളെയാണ് കടുവ ഇതുവരെ കൊന്നു തിന്നത്.