വയനാട്: വയനാട് യുഡിഎഫ് ലോക്സഭാ സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. രാഹുൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച രേഖകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തുഷാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ഇരട്ടപൗരത്വമുള്ള കാര്യം രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
രാഹുലിന് രണ്ട് പാസ്പോർട്ടുകളുണ്ട്. രാഹുൽ ബ്രിട്ടീഷ് പൗരനാണ്. ഇന്ത്യക്കാരന്‍ അല്ലാത്ത ഒരാള്‍ക്ക് ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. രാഹുലിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്ന കമ്പനിയുടെ ആസ്തിയോ ലാഭവിവരമോ വ്യക്തമല്ല. രാഹുലിന്‍റെ വിദ്യാഭ്യാസ യോഗ്യകൾ തെളിയിക്കുന്ന രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും തുഷാര്‍ ചൂണ്ടിക്കാട്ടി. അമേഠിയിൽ രാഹുലിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ സ്വതന്ത്ര സ്ഥാനാർഥി ധ്രുവ് ലാലും അഭിഭാഷകൻ രവി പ്രകാശും രംഗത്തെത്തിയിരുന്നു.