വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍. ബത്തേരി വാകേരിയിലെ ഏദന്‍വാലി എസ്‌റ്റേറ്റില്‍ കഴിഞ്ഞ ദിവസവും തോട്ടം തൊഴിലാളികള്‍ കടുവയെ കണ്ടു. മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് രണ്ടാഴ്‌ച പിന്നിട്ടിട്ടും വനം വകുപ്പ് കാര്യമായി നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ചൊവ്വാഴ്‌ച എസ്റ്റേറ്റിലെ വളർത്തുനായയയെ കടുവ കടിച്ച് കൊന്നിരുന്നു. മേഖലയില്‍ കടുവ ഭീതി നിലനില്‍ക്കുന്നതിനാല്‍ തോട്ടം തൊഴിലാളികള്‍ക്ക് തിങ്കളാഴ്‌ച ജോലിക്ക് പോകാന്‍ സാധിച്ചില്ല. കടുവയെ കണ്ട സ്ഥലത്ത് നിന്ന് ഏതാനും മീറ്റർ അകലെയാണ് അങ്കണവാടിയും സർക്കാർ എൽ.പി സ്‌കൂളുമുള്ളത്.
വിഷയത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ വനംവകുപ്പിനെതിരെ വരും ദിവസങ്ങളില്‍ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.