വയനാട് : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ സഹപാഠിയായ 14കാരനെന്ന് സൈബര്‍ പൊലീസ്. ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു (Student Shared Morphed Photos).
വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ജില്ലയില്‍ നിന്ന് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സഹായം തേടിയ സൈബര്‍ വിങ് മൊബൈല്‍ ട്രാക്ക് ചെയ്‌താണ് പ്രതിയായ കുട്ടിയെ കണ്ടെത്തിയത് (Minor accused for Sharing morphed photos).
അന്വേഷണ റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ, എഐ നിര്‍മിതമെന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. സ്‌കൂളിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ച സഹപാഠികളുടെ ചിത്രങ്ങള്‍ ആണ് പ്രതി മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
14 കാരന്‍ നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. ആയിരക്കണക്കിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ടെലിഗ്രാം അക്കൗണ്ടുകളും നിരവധി സിം കാര്‍ഡുകളും പരിശോധിച്ചതിന് ശേഷമാണ് സൈബര്‍ പൊലീസ് പ്രതിയിലേക്ക് എത്തിയത്.
യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍ : ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 19ന്, യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ വാട്‌സ്‌ആപ്പില്‍ പ്രചരിപ്പിച്ചതിന് ഇടുക്കിയില്‍ സഹോദരങ്ങള്‍ അറസ്റ്റിലായിരുന്നു. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സഹോദരങ്ങളായ യുവാക്കള്‍ യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇടിഞ്ഞമലയില്‍ ഗ്യാലക്‌സി ഗ്യാസ് ഏജന്‍സി നടത്തുന്ന കറുകച്ചേരില്‍ ജെറിന്‍, ഇയാളുടെ സഹോദരന്‍ ജെബിന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് നടപടി.
150 പേരെ ചേർത്ത് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങൾ ഇവര്‍ പ്രചരിപ്പിച്ചത്. ജെറിന് യുവതിയോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത്. പകവീട്ടാൻ ഗ്യാസ് ഏജൻസി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെയും 150 ഓളം ആളുകളെ ചേർത്ത് ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ അശ്ലീല സന്ദേശത്തോടെ ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പിന്നാലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഡിലീറ്റും ചെയ്‌തു.
സംഭവത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് യുവതി തങ്കമണി പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട ശേഷം തങ്കമണി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.