വയനാട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ കർശന നടപടികൾ. തൊണ്ടർനാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂർണമായി കണ്ടെയിൻമെന്‍റ് സോൺ ആയി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ മരണാനന്തര, വിവാഹ ചടങ്ങുകളിൽ ഈ മൂന്നിടങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു. തവിഞ്ഞാൽ പഞ്ചായത്ത് നേരത്തെ തന്നെ പൂർണമായും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു.
ഇവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്ന് നടപടി കർശനമാക്കും. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാൻ നടപടിയെടുത്തിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക് മേഖലയിൽ വിവാഹച്ചടങ്ങുകൾ നിരോധിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങിൽ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോയവർ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നും കലക്ടർ അറിയിച്ചു. അമ്പലവയൽ പഞ്ചായത്തിലെ ആറ് വാർഡുകൾ കൂടി കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ചുരങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പേരിയ ചുരം, ഭക്രംതളം ചുരം എന്നിവിടങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. തവിഞ്ഞാലില്‍ കൊവിഡ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.