വയനാട് : മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കെ.ഒ.സിന്ധു അറസ്‌റ്റിൽ. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നേരത്തെ മുട്ടില്‍ വില്ലേജ് ഓഫിസറായിരുന്ന കെ.കെ.അജിയും അറസ്‌റ്റിലായിരുന്നു.
മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയതിനാണ് ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തത്. ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടൽ മൂലം 8 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്ന്, മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് റവന്യൂ ഉത്തരവിന്‍റെ മറവില്‍ പട്ടയ ഭൂമിയില്‍ നിന്നും വന ഭൂമിയില്‍ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വലിയ വിവാദമായത്. വിവിധ ജില്ലകളില്‍ നിന്നായി 14.42 കോടിയുടെ മരമാണ് മുറിച്ചുകടത്തിയത്.