വയനാട്: ജില്ലയിലെ ഹോട്ടലുകളിൽ ജില്ലാ ഭരണകൂടം ഭക്ഷണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്ന രീതി പരമാവധി ഒഴിവാക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ട് വെച്ചു. യാത്രികർക്ക് പാർസൽ കൗണ്ടർ വഴി ഭക്ഷണം വിതരണം ചെയ്യണം. ഹോട്ടലുകൾ പൂർണമായി അടയ്ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ പൂർണ്ണമായി അടക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കി.
നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം പാലിക്കാതിരുന്ന ആറ് പേർക്കെതിരെ ജില്ലാ ഭരണകൂടം ഇന്നലെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശികളായ രണ്ടു പേർ ഖത്തറിൽ നിന്നും നേരെ മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹോം സ്‌റ്റേയിൽ വന്ന് താമസിക്കുകയും വിദേശത്ത് നിന്നും വന്നതാണെന്ന കാര്യം മറച്ചു വെച്ചിരുന്നു. ഇവർക്കെതിരെയും പൊലീസ് കേസ് എടുത്തു. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ രണ്ട് പേർക്കെതിരെയും പനമരം പൊലീസ് സ്റ്റേഷനിൽ രണ്ട് പേർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്‌തു.