വയനാട്: വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ എല്ലാ സഹായവും നൽകുമെന്ന് രാഹുൽ ഗാന്ധി എംപി. ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ വീടും സർവ്വജന സ്‌കൂളും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 മണിയോടെയാണ് രാഹുൽ ഗാന്ധി ഷഹലയുടെ വീട്ടിൽ എത്തിയത്. ഷഹലയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും അദ്ദേഹം ആശ്വസിപ്പിച്ചു.വയനാട്ടിൽ എത്രയും പെട്ടെന്ന് മെഡിക്കൽ കോളജ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഷഹലയുടെ മാതാപിതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. അരമണിക്കൂറോളം ഷഹലയുടെ വീട്ടില്‍ ചിലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
സർവ്വജന സ്‌കൂളില്‍ അധ്യാപകരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. ഷഹലക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും അദ്ദേഹം സന്ദർശിച്ചു. വയനാട്ടിൽ മെഡിക്കൽ കോളജ് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഷഹല മരിക്കില്ലായിരുന്നെന്ന് വിദ്യാർഥികളെ അഭിസംബോധന ചെയ്യവേ രാഹുൽ ഗാന്ധി പറഞ്ഞു. മെഡിക്കൽ കോളജ് സ്ഥാപിക്കാൻ എല്ലാ സഹായവും നൽകും. ഷഹല രാജ്യത്തിന്‍റെ പ്രതീകമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.