വയനാട്: മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നത് സംബന്ധിച്ച് സർക്കാർ ഒരു മാസത്തിനകം നയപരമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിന് കേരള സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം പൊതുപ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി മാനന്തവാടിയിലെ 14 പൊതുപ്രവര്‍ത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ കോളജ് ആയി ഉയർത്തുന്നതിന് ആവശ്യമായി വരുന്ന തുകയുടെ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്ന ആയുഷ്‌മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് വരെയും അപേക്ഷ നല്‍കിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ജില്ലയിലെ മൂന്ന് ജനപ്രതിനിധകളെ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് എത്രയും വേഗത്തില്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാർ പറഞ്ഞു.
ഐപി വിഭാഗത്തില്‍ 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും സ്വന്തമായി 8.74 ഏക്കര്‍ ഭൂമിയും ജില്ലാ ആശുപത്രിക്കുണ്ട്. എന്നാല്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നത് നയപരമായ തീരുമാനമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.