വയനാട്: കർണാടകയിൽ ഇഞ്ചി കൃഷി ചെയ്യുന്ന മലയാളികൾ പ്രതിസന്ധിയില്‍. ഇഞ്ചിക്ക് വൻതോതിൽ വില ഇടിഞ്ഞു. കർണാടകത്തിൽ കുടക് മേഖലയിലാണ് സ്ഥലം പാട്ടത്തിനെടുത്ത് മലയാളികൾ ഇഞ്ചി കൃഷി ചെയ്യുന്നത്. ഇവരിലേറെയും വയനാട്ടിൽ നിന്നുള്ളവരാണ്.
900 മുതൽ 1,000 രൂപ വരെയാണ് 60 കിലോഗ്രാം പുതിയ ഇഞ്ചിക്ക് കർണാടയില്‍ കിട്ടുന്ന വില. പുതിയ ഇഞ്ചി കേരളത്തിൽ വ്യാപാരികൾ എടുക്കുന്നുമില്ല. കഴിഞ്ഞ വർഷം ഇതേസമയം 3,000 രൂപ വരെ പുതിയ ഇഞ്ചിക്ക് കർണായില്‍ വില കിട്ടിയിരുന്നു. വിളവെടുക്കാതിരുന്ന പഴയ ഇഞ്ചിക്ക് 4,000 മുതൽ 4,200 രൂപ വരെയാണ് കർണാടകയിലെ വില. കഴിഞ്ഞവർഷം ഇതേസമയം ഇതിന് 9000 മുതൽ 10,000 രൂപ വരെ വില കിട്ടിയിരുന്നു. കേരളത്തിൽ പഴയ ഇഞ്ചിക്ക് 2,500 മുതൽ 3,000 രൂപ വരെയാണ് ഇപ്പോഴത്തെ വില.
ഒരേക്കറിൽ ഇഞ്ചി കൃഷി ചെയ്യാൻ കർണാടയില്‍ ആറരലക്ഷം രൂപ വരെ ചെലവുണ്ട്. എന്നാൽ ഇഞ്ചി വിറ്റാൽ ഇതിൻ്റെ പകുതി തുക പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ. ലോക്ക് ഡൗൺ പ്രതിസന്ധികൾക്കൊപ്പം വിലയിടിവും കൂടിയായതോടെ പിടിച്ചു നിൽക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ. കടം വാങ്ങി കൃഷിയിറക്കിയവർ ആണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. വയനാട്ടിൽ ഇഞ്ചി സംസ്കരണ കേന്ദ്രം സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള മുറവിളി കേൾക്കാൻ സർക്കാർ തയ്യാറാവുകയാണെങ്കിൽ വലിയ നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകുമെന്ന് കർഷകർ പറയുന്നു.