വയനാട്: പ്രളയത്തിൽ കൃഷി നശിച്ച വയനാട്ടിലെ പനമരത്ത് കർഷകർക്ക് ശാസ്‌ത്രസാഹിത്യപരിഷത്തിന്‍റെ കൈത്താങ്ങ്. കൃഷി നശിച്ച പനമരം മാതോത്ത്പൊയിൽ-വാകയാട് പാടശേഖരങ്ങളില്‍ കൃഷിയിറക്കിയാണ് പരിഷത്ത് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നത്. ഇവിടത്തെ കൃഷിനാശത്തെ പറ്റി ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. മാനന്തവാടി എംഎല്‍എ ഒആര്‍ കേളു വിതയുൽസവം ഉദ്ഘാടനം ചെയ്തു.
50 ഏക്കർ ഉള്ള ഈ പാടശേഖരത്തിൽ നെൽക്കൃഷി മാത്രമേ ചെയ്യാറുള്ളൂ. പാടശേഖരത്തിലെ 13 ഏക്കർ വയലിന്‍റെ ഉടമകൾ പണിയ സമുദായത്തിൽപ്പെട്ട ആദിവാസികളാണ്. 20 വർഷമായി ഈ 13 ഏക്കറിൽ കൃഷി മുടങ്ങിയിരിക്കുകയായിരുന്നു. രണ്ടു ലക്ഷത്തോളം രൂപയാണ് ശാസ്‌ത്രസാഹിത്യ പരിഷത്ത് കൃഷിയിറക്കാൻ കർഷകർക്ക് നൽകിയത്. എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷന്‍റെയും കൂടി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൊണ്ണൂറാം തൊണ്ടിയെന്ന നാടൻ നെൽവിത്താണ് വിതച്ചത്. ജൈവ രീതിയിലാണ് കൃഷി.