പിറവികൊണ്ട കാലം മുതൽ യുഡിഎഫിനോട് കൂറ് പുലർത്തുന്ന മണ്ഡലമാണ് സുൽത്താൻ ബത്തേരി. ഇതുവരെ നടന്ന 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എട്ട് തവണയും മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. നിലവിൽ വയനാട് ജില്ലയിൽ യുഡിഎഫിന്‍റെ ഏക സിറ്റിങ് സീറ്റു കൂടിയാണ് ബത്തേരി. വയനാടിന്‍റെ ചിരകാല സ്വപ്നമായ മെഡിക്കൽ കോളജും, പരിസ്ഥിതിലോല പ്രഖ്യാപന പ്രതിഷേധങ്ങളുമെല്ലാം ഇത്തവണ ജില്ലയിലെ വോട്ടർമാരെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ല. കർണാടകയുമായും തമിഴ്‌നാടുമായും അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ എട്ട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു.
മണ്ഡല ചരിത്രം
1977 ൽ തുടങ്ങിയ മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എട്ട് തവണയും മണ്ഡല മനസ് വലതിനൊപ്പമായിരുന്നു. രണ്ട് തവണ മാത്രമാണ് ബത്തേരിയിൽ അനുകൂല തരംഗമുണ്ടാക്കാൻ എൽഡിഎഫിനായത്. ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ കെ രാമചന്ദ്രനെ ഇരുകയ്യും നീട്ടി സ്വീകരിച്ച മണ്ഡലം 80 ലും 82 ലും 87 ലും കെ രാമചന്ദ്രന് തന്നെ അവസരം നൽകി. 91 ൽ കെസി റോസക്കുട്ടിയിലൂടെ യുഡിഎഫിന് വീണ്ടും വിജയം. എന്നാൽ 96ൽ മണ്ഡലം യുഡിഎഫിനെ കൈവിട്ടു. സിപിഎം സ്ഥാനാർഥി വർഗീസ് വൈദ്യറിലൂടെ മണ്ഡലത്തിൽ ആദ്യമായി ഇടത് തരംഗം. 2001 ൽ എൻ.ഡി അപ്പച്ചനിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ച് പിടിച്ചെങ്കിലും 2006 എൽഡിഫ് സ്ഥാനാർഥി കൃഷ്പ്രസാദിലൂടെ വീണ്ടും ബത്തേരിയിൽ ചെങ്കൊടി പാറി. എന്നാൽ 2011 ലും 2016 ലും മണ്ഡലം വീണ്ടും യുഡിഎഫ് സ്വന്തമാക്കി. കോൺഗ്രസ് സ്ഥാനാർഥി ഐസി ബാലകൃഷ്ണനാണ് രണ്ട് തവണയും മണ്ഡലത്തിന്‍റെ മനസിനെ യുഡിഎഫിന് ഒപ്പം നിർത്തിയത്.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കർണാടകയും തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിൽ സുൽത്താൻ ബത്തേരി നഗരസഭയും, പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപ്പള്ളി , മുള്ളൻക്കൊല്ലി, അമ്പലവയൽ , മീനങ്ങാടി എന്നി ഗ്രാമപഞ്ചായത്തുകളും ഉള്‍പെടുന്നു. സുൽത്താൻ ബത്തേരി നഗരസഭയും, അമ്പലവയൽ ഗ്രാമപഞ്ചായത്തും എൽഡിഎഫ് ഭരിക്കുമ്പോള്‍, പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻക്കൊല്ലി, മീനങ്ങാടി പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പമാണ്.
മുൻകാല ചരിത്രങ്ങളുടെ പിൻബലത്തിൽ തന്നെയാണ് ഇത്തവണയും മണ്ഡലത്തിൽ യുഡിഎഫ് പോരിനിറങ്ങുന്നത്. ഉറച്ച കോട്ട ഇത്തവണയും ഒപ്പം നിർത്താനാകുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. എൽഡിഎഫ് തരംഗം ആഞ്ഞടിച്ച തദേശ തെരഞ്ഞെടുപ്പിലും ബത്തേരിയിലെ ഏഴ് പഞ്ചായത്തുകള്‍ ഒപ്പം നിർത്താനായത് യുഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. പാളയത്തിനുള്ളിലെ പടല പിണക്കങ്ങളാണ് ജില്ലയിൽ യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി. ഡിസിസി സെക്രട്ടറി കെകെ വിശ്വനാഥൻ, കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥൻ എന്നിവർ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. കുടൂതൽ രാജികള്‍ ഉണ്ടായേക്കുമെന്ന സൂചന ജില്ലയിലെ പാർട്ടിയിലെ വിള്ളൽ മറനീക്കി പുറത്തുകൊണ്ടുവരുന്നു.
ജില്ലയിൽ പിടിതരാതെ നിൽക്കുന്ന ബത്തേരി മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് എൽഡിഎഫ്. പിണറായി സർക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞു തന്നെയാവും, മണ്ഡലത്തിൽ എൽഡിഎഫ് പ്രചാരണം ശക്തമാക്കുക. ജില്ലയിൽ മറ്റു മണ്ഡലങ്ങളിലെ ആധിപത്യം മുന്നണിക്ക് കരുത്തു നൽകുന്നുണ്ട്. ജില്ലയിൽ കോൺഗ്രസിനുള്ളിലെ പിണക്കങ്ങളും ആനുകൂല വിധിയെഴുത്തിന് സഹായിക്കുമെന്ന് ഇടത് ക്യാമ്പ് വിലയിരുത്തുന്നു.
കാര്യമായ പ്രതീക്ഷകള്‍ വച്ച് പുലർത്തുന്നില്ലെങ്കിലും മണ്ഡലത്തിലെ വോട്ടിങ്ങ് ശതമാനം ഉയർത്തുക എന്നതാവും ബത്തേരിയിൽ എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണ ജനാധിപത്യ രാഷ്ട്രീയ സഭ സ്ഥാനാർഥി സി.കെ ജാനുവിലൂടെ 27920 വോട്ടുകള്‍ മണ്ഡലത്തിൽ സ്വന്തമാക്കാൻ എൻഡിഎയ്ക്ക് സാധിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജനുവരിയിലെ കണക്ക് പ്രകാരം 95268 പുരുഷ വോട്ടർമാരും , 96143 സ്‌ത്രീ വോട്ടർമാരും ഉള്‍പെടുന്നതാണ് ഉള്‍പെടുന്നതാണ് മണ്ഡലത്തിലെ ആകെ വോട്ടർമാർ.