വയനാട്: നീണ്ട കാലത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഓണക്കാലം സജീവമാവുമ്പോൾ പതിവിനേക്കാൾ ഏറെ പ്രതീക്ഷയിലാണ് ചിപ്‌സ് വിപണി. ഇത്തവണ ആഘോഷങ്ങൾക്ക് സദ്യക്ക് ശർക്കര ഉപ്പേരിക്കും വറുത്ത ഉപ്പേരിക്കും ആവശ്യക്കാർ കൂടുതലാണ്. വില അൽപ്പം കൂടുതലാണെങ്കിലും ഓണ സദ്യക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരിനമാണ് ചിപ്പ്സ്.
പലതരത്തിലുള്ള കായ വറുത്ത പൊരികൾക്ക് ആവശ്യക്കാർ ഏറെയാണ്. കോവിഡ് നിയന്ത്രണങ്ങൾക് അയവ് വന്നതിന് ശേഷമുള്ള ഓണക്കാലത്ത് വറുത്ത പൊരി കഴിഞ്ഞിട്ട് മാത്രമേ സദ്യയെ കുറിച്ച് മലയാളി ചിന്തിക്കുന്നുള്ളൂ. നിരവധി ആവശ്യക്കാരാണ് മുൻകൂറായി പണം തന്ന് ചിപ്പ്സ് ഓർഡർ ചെയ്യുന്നതെന്ന് വയനാട് കൽപറ്റ പഴയ ചന്തയ്ക്ക് സമീപത്തെ ചിപ്‌സ് വ്യാപാരി എം. ടി. മുനർ പറയുന്നു.
കഴിഞ്ഞ വർഷം ശർക്കര ഉപ്പേരിക്കും വറുത്ത ഉപ്പേരിക്കും കിലോയ്ക്ക് 260 രൂപയായിരുന്നെങ്കിൽ ഇത്തവണ രണ്ടിനും 300 രൂപയായിട്ടുണ്ട്. ഗ്യാസ് വില വർധനയും നേന്ത്രക്കായ സമയത്ത് ലഭിക്കാത്തതും വില വർദ്ധനയ്ക്ക് കാരണമായി. വയനാടൻ ചിപ്‌സിന് കിലോയ്ക്ക് 320 രൂപയാണിപ്പോൾ. സർക്കാർ ഓഫിസുകൾ, കോളജുകൾ, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വയനാടന്‍ ചിപ്‌സിന് ആവശ്യക്കാർ ഏറെയാണ്.