വയനാട്: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്‌ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെതെന്ന് തെളിഞ്ഞു. ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ശബ്‌ദം കെ സുരേന്ദ്രന്‍റെതെന്ന് തെളിഞ്ഞത്. 14 ഇലക്‌ട്രോണിക് ഡിവൈസുകളുടേയും ഫോറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചു. സുരേന്ദ്രനും സികെ ജാനുവിനും എതിരെ ക്രൈംബ്രാഞ്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ശബ്‌ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് നടപടി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ഉത്തരവ്.
ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്‍റെ ശബ്‌ദരേഖ പരിശോധിക്കുവാനും കോടതി ഉത്തരവിട്ടു. ഇരുവരും ഒക്‌ടോബർ 11ന് കാക്കനാട് ചിത്രാഞ്‌ജലി സ്റ്റുഡിയോയിലെത്തി ശബ്‌ദ സാമ്പിളുകൾ നൽകണമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ക്രൈംബ്രാഞ്ചാണ് ശബ്‌ദ പരിശോധനക്ക് അപേക്ഷ നല്‍കിയത്. കെ സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.