വയനാട്: തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. അരണപ്പാറ പി.കെ തിമ്മപ്പന്‍ (50) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നതായും അതുമൂലമുള്ള മനോവിഷമത്തിലാണ് മരണമെന്ന് കരുതുന്നതായും ബന്ധുക്കള്‍ പറയുന്നു.
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരെന്ന് കെഎഫ്എ മാനന്തവാടി : കർഷക ആത്മഹത്യകൾ പെരുകുന്നതിന് കാരണം സർക്കാർ കർഷക സമൂഹത്തോട് പുലർത്തുന്ന അലംഭാവം കാരണമെന്ന് കേരള ഫാർമേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. തിരുനെല്ലിയിലെ അരുണപ്പാറയിൽ പി കെ തിമ്മപ്പൻ എന്ന കർഷകനാണ് ആത്മഹത്യ ചെയ്‌തത്. 10 ലക്ഷത്തിലേറെ വരുന്ന കടബാധ്യതയുടെ പേരിൽ ബാങ്കുകൾ ജപ്‌തി നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു.
മരണത്തിൽ കേരള ഫാർമേഴ്‌സ് അസോസിയേഷൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സർക്കാരിന്‍റെയും ബാങ്കുകളുടെയും കർഷക വിരുദ്ധ നയത്തിൽ യോഗം പ്രതിഷേധിച്ചു. ഇനി ഒരു ബാങ്കിനെയും ഇങ്ങനെയുള്ള നടപടികളുമായി മുന്നോട്ടു പോകാൻ അനുവദിക്കുകയില്ല എന്നും കേരള ഫർമേഴ്‌സ് അസോസിയേഷൻ പ്രസ്‌താവിച്ചു. യോഗത്തിൽ ചെയർമാൻ സുനിൽ മഠത്തിൽ അധ്യക്ഷത വഹിച്ചു.
കെ എം ഷിനോജ്, വർഗീസ് കല്ലന്മാരി, മാത്യു പനവല്ലി, രാജൻ പനവല്ലി, പൗലോസ് മോളത്ത്, പോൾ തലച്ചിറ, ആലിയ കമ്മോം, ഷാജി കേദാരം എന്നിവർ പ്രസംഗിച്ചു. ജപ്‌തി നടപടികൾ നേരിടുന്ന കർഷകർ സംഘടനയുമായി ബന്ധപ്പെടണമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് : തിരുനെല്ലിയിലെ കർഷകന്‍റെ ആത്മഹത്യയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ 3-ാം വാർഡായ അരമംഗലത്ത് പി കെ തിമ്മപ്പൻ കാർഷിക കട ബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് സർക്കാരിന്‍റെ കർഷക ദ്രോഹ നടപടിയുടെ അവസാനത്തെ ഉദാഹരണമാണെന്ന് യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റിയുടെ പ്രസ്‌താവന.
കടബാധ്യതമൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന കർഷകന്‍റെ കുടുംബത്തിന് അടിയന്തിര സഹായം അനുവദിക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആവിശ്യപെട്ടു.
Also read : കട ബാധ്യത; ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ
ഇടുക്കിയിലെ കർഷകന്‍റെ ആത്മഹത്യ : കഴിഞ്ഞ ഫെബ്രുവരിയിൽ രാജാക്കാട് പനച്ചിക്കുഴിയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു. 53-കാരനായ രാജേന്ദ്രന്‍ എന്ന കർഷകനാണ് മരിച്ചത്. കട ബാധ്യതമൂലമാണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
ബെെസണ്‍വാലി സൊസെെറ്റിമേട് സ്വദേശിയായ രാജേന്ദ്രന്‍ ഒരു വര്‍ഷം മുന്‍പാണ് അവിടെയുണ്ടായിരുന്ന വീടും പുരയിടവും വിറ്റ ശേഷം രാജാക്കാട് മുല്ലക്കാനത്തേക്ക് താമസിക്കാനെത്തിയത്. മുല്ലക്കാം, രാജാക്കാട്, പനച്ചിക്കുഴി എന്നിവിടങ്ങളിലായി ആറേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യുകയായിരുന്നു.
ഏലത്തിന് വില ഇടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ടത്തുക നല്‍കാന്‍ കഴിയാതെ രാജേന്ദ്രന്‍ ഏറെ നാളായി മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.