വയനാട്: മാനന്തവാടി തൃശിലേരി മുത്തുമാരിയിൽ കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് ചവിട്ടി മറിച്ചു. മേൽക്കൂരയും തേങ്ങയും ദേഹത്ത് പതിച്ച് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്ക് പരിക്ക്. ചെല്ലിമറ്റം ഷിനോജിന്‍റെ ഭാര്യ സോഫിയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ദേഹത്ത് ചതവുകളും മുറിവുകളും പറ്റിയ സോഫിയെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് നിസാരമാണ്.
ഇരുവരും അത്‌ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പറത്തോട്ടിയിൽ മോൻസിയുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുകയാണ് സോഫിയും കുടുംബവും. ഈ വീടിനു മുകളിലാണ് തെങ്ങ് മറിഞ്ഞു വീണത്.
വര്‍ഷങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും വേണ്ട നടപടികളുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. തൃശിലേരിയിലെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.