വയനാട്: ഷഹലയുടെ മരണത്തോടെ വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജ് ഉടൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ഒപ്പം വിവാദങ്ങളും കനക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വയനാട്ടിൽ നിന്ന് ഒരു ലക്ഷത്തോളം പേരാണ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിച്ചത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയവർക്ക് പുറമെയാണിത്.
ജില്ലാ ആശുപത്രിയിൽ സൗകര്യങ്ങൾ കൂട്ടിയതും സ്വകാര്യ മെഡിക്കൽ കോളജ് വയനാട്ടിൽ വന്നതും കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം അല്‍പം കുറച്ചിട്ടുണ്ട്. എങ്കിലും വയനാട്ടിലെ പാവപ്പെട്ട രോഗികളുടെ അവസാന ആശ്രയം കോഴിക്കോട് മെഡിക്കൽ കോളജ് തന്നെയാണ്. അതേസമയം വയനാട്ടിൽ മെഡിക്കൽ കോളജ് എവിടെ തുടങ്ങും എന്ന കാര്യത്തിൽ വിവാദം തുടരുകയാണ്. കഴിഞ്ഞ സർക്കാർ മെഡിക്കൽ കോളജിന് തറക്കല്ലിട്ട മടക്കിമലയിൽ തന്നെ മെഡിക്കൽ കോളജിന്‍റെ പണി തുടങ്ങണം എന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ ചുണ്ടേലിൽ പുതിയ സ്ഥലം കണ്ടെത്തിയ സ്ഥലത്ത് പണി തുടങ്ങാനാണ് സംസ്ഥാന സർക്കാർ തീരുമാനം.