വയനാട്: ലോക്ക് ഡൗണിന് ശേഷം വയനാട് ജില്ലയില്‍ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. കുറ്റകൃത്യങ്ങളുടെ ശരാശരി എണ്ണത്തിൽ പകുതിയിലധികം കുറവ് വന്നതായി ജില്ലാ പൊലീസിന്‍റെ കണക്കുകൾ പറയുന്നു.
ഇക്കൊല്ലം ജനുവരിയില്‍ 679 കേസുകളാണ് വയനാട് ജില്ലയില്‍ രജിസ്റ്റർ ചെയ്തത്. ഫെബ്രുവരിയിൽ 728 കേസുകളും മാർച്ചില്‍ 621 കേസുകളും രജിസ്റ്റർ ചെയ്തു. എന്നാൽ ഏപ്രിലിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 290 ആയി. മെയിൽ 220 കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ജനുവരിയിൽ 563 പേരെയാണ് വയനാട്ടിൽ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിൽ 592 പേരെ അറസ്റ്റ് ചെയ്തു. മാർച്ചിൽ 449 പേരെയാണ് അറസ്റ്റ് ചെയ്യേണ്ടി വന്നത്. എന്നാൽ ഏപ്രിലിൽ 187 പേരെ ജില്ലയിൽ അറസ്റ്റിൽ ആയിട്ടുള്ളൂ. മെയ് മാസത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 184 ആയി കുറഞ്ഞു.
കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. പോസ്കോ ഉൾപ്പെടെ ജനുവരിയിൽ കുട്ടികൾക്കെതിരെയുള്ള 15 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ മെയ് മാസത്തില്‍ രണ്ട് കേസുകളേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ജനുവരിയിൽ സ്ത്രീകൾക്കെതിരെയുള്ള 36 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മെയ് മാസത്തില്‍ ഒൻപത് കേസുകളെ ഉണ്ടായിട്ടുള്ളൂവെന്നും കണക്കുകൾ പറയുന്നു. സ്വത്ത് സംബന്ധിച്ച കേസുകളുടെ കാര്യത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ജനുവരിയിൽ 22 കേസ് രജിസ്റ്റർ ചെയ്തപ്പോൾ മെയ് മാസത്തില്‍ ഏഴ് കേസുകളേ രജിസ്റ്റർ ചെയ്തിട്ടുളളൂ. ഏപ്രിലിൽ സ്വത്ത് സംബന്ധിച്ച കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല.