വയനാട്: പുറത്തുനിന്നുള്ളവർ ഭൂമി കൈയ്യേറിയതിനെ തുടർന്ന് ദുരിതം അനുഭവിക്കുകയാണ് ചാലിഗദ്ദ ആദിവാസി കോളനി നിവാസികൾ. തങ്ങളുടെ സുരക്ഷിതമായ ഭൂമി മറ്റുള്ളവർ കൈയ്യേറിയതിനാലാണ് തങ്ങൾക്ക് പ്രളയ ദുരിതം അനുഭവിക്കേണ്ടി വരുന്നത് എന്ന് ഇവർ പറയുന്നു. സ്വന്തം ഭൂമി ഉപേക്ഷിച്ച് പുഴയോരത്ത് മാറിതാമസിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ.
മാനന്തവാടി താലൂക്കിലെ ചാലിഗദ്ദ ആദിവാസി കോളനി നിവാസിയാണ് ഷോമ എന്ന വയോധിക. വയസ് എത്രയായെന്ന് ഈ അമ്മക്ക് അറിയില്ല. പ്രളയത്തിൽ വീടും വയലും എല്ലാം മുങ്ങി .കൃഷി ഉപേക്ഷിക്കേണ്ടിവന്നു. അതോടെ തൊഴിൽ ഇല്ലാതായി. വയലിനോട് ചേർന്ന് പുഴയിൽ നിന്ന് വെള്ളം കയറാത്ത ഇടത്തായിരുന്നു വർഷങ്ങൾക്ക് മുമ്പ് താമസിച്ചിരുന്നത് .എന്നാൽ കുടിയേറ്റക്കാരുടെ വരവോടെ അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. വെള്ളം കയറാത്ത പേടി കൂടാതെ ജീവിക്കാന്‍ കഴിയുന്ന ഒരിടമാണ് ഷോമയെ പോലെ ചാലിഗദ്ദ കോളനി നിവാസികളുടെയും ഇപ്പോഴത്തെ സ്വപ്നം.