വയനാട്: വയനാട്ടിൽ പ്രളയത്തിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് പൂട്ടിയ ക്വാറികൾക്ക് വീണ്ടും പ്രവർത്തനാനുമതി നൽകാൻ അധികൃതരുടെ ശ്രമമെന്ന് ആരോപണം. പ്രളയത്തെ തുടർന്ന് ജില്ലയിൽ പൂട്ടിയ ആറ് ക്വാറികളിൽ നാലെണ്ണത്തിന് നേരത്തെ പ്രവർത്തന അനുമതി നൽകിയിരുന്നു. വെള്ളമുണ്ടയിൽ ബാണാസുര മലയിൽ പ്രവർത്തിക്കുന്ന ശീല ക്വാറിക്കും, പുൽപള്ളി പാടിച്ചിറയിലെ ക്വാറിക്കുമാണ് പ്രവർത്തന അനുമതി നൽകാൻ നീക്കമുള്ളത്. ഇതിൽ നാരോ കടവിലെ ക്വാറി റവന്യൂ ഭൂമിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുൻ സബ് കലക്‌ടർ ഉമേഷ് എൻ.എസ്.കെ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.
റീ സർവേ നടത്താൻ മാനന്തവാടി തഹസിൽദാരും, വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും ജിയോളജിസ്റ്റും സഹകരിക്കാത്തതിനാൽ ഇവർക്കെതിരെ നടപടി എടുക്കണമെന്നും സബ് കലക്‌ടർ റിപ്പോർട്ട് നൽകിയിരുന്നു. റീ സർവേക്കായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സബ് കലക്‌ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. കലക്‌ടർ ഉൾപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന.