വയനാട്: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രം എന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയായിരിക്കുകയാണെന്ന് അദ്ദേഹം വയനാട്ടിലെ കൽപ്പറ്റയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള എല്ലാവരും അഴിമതിക്കാരാണ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത് കൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസാണ് കള്ളക്കടത്ത് സംഘങ്ങൾക്ക് പിന്തുണ നൽകിയത്. മുഖ്യമന്ത്രി രാജിവെക്കണം. ബിനീഷ് കോടിയേരിയെ തള്ളിപ്പറയാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയും തയ്യാറാകാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പടിഞ്ഞാറത്തറയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണെന്നാണ് സംശയമെന്നും മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് കമ്യൂണിസ്റ്റ് സർക്കാരിന് ചേർന്ന നയമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. വെടിവപ്പുകൾക്കെതിരെ സംസാരിച്ചിരുന്ന കാനം രാജേന്ദ്രന്‍റെ വായ ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.