വയനാട്: ജില്ലയില്‍ 17 പേര്‍ക്ക് കൂടി തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന രണ്ട് പേർക്കും സമ്പർക്കത്തിലൂടെ 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 401 ആയി. അതേ സമയം ജില്ലയിൽ ഇന്ന് 49 പേര്‍ രോഗമുക്തി നേടി. ഇതോടെ 251 പേരാണ് ജില്ലയിൽ ആകെ രോഗമുക്തരായത്. നിലവില്‍ ജില്ലയിൽ 149 പേരാണ് കൊവിഡ് ചികിത്സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.
ജൂലൈ 13ന് ഡല്‍ഹിയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (22), ജൂലൈ 23ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്‍മൂല സ്വദേശി (35) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ബത്തേരിയിലെ സ്വകാര്യ സൂപ്പർ മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്ന അഞ്ച് പേര്‍- ബീനാച്ചി സ്വദേശികള്‍ (20, 29), പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ കൂടെ വന്ന് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ എട്ട് വാളാട് സ്വദേശികള്‍ (19, 14 വയസ്സുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരും) തുടങ്ങിയവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.