തൃശ്ശൂർ: പാലിയേക്കരയിലെ ടോൾ ഗേറ്റിൽ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ലോക്ക് ഡൗൺ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിച്ചതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബല പ്രയോഗത്തിലൂടെ ടോൾ പിരിവ് തടഞ്ഞ് വാഹനങ്ങൾ കടത്തിവിട്ടു.ടോൾ പിരിവ് അടിയന്തരമായി നിർത്തി വെക്കണമെന്ന പ്രവർത്തകരുടെ ആവശ്യം ടോൾ പ്ലാസ അധികൃതർ അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം . പ്രതിഷേധം നീണ്ടതോടെ പൊലീസ് എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്ന പാലിയേക്കരയിലെ ടോൾ ഗേറ്റിൽ ടോൾ പിരിവ് സുരക്ഷിതമല്ലെന്നും ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ ലംഘിച്ചാണ് ടോൾ പിരിവ് നടത്തിയതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. എന്നാൽ ടോൾ പിരിക്കാൻ കേന്ദ്ര അനുമതി ഉണ്ടെന്നാണ് ടോൾ പ്ലാസ അധികൃതരുടെ വാദം.