തൃശൂര്‍: കർഷകരെ ദുരിതത്തിലാഴ്ത്തി വരവൂർ മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം. കാലാവസ്ഥാ വ്യതിയാനങ്ങളും വില ഇടിവും തുടങ്ങിയ പ്രതിസന്ധികള്‍ നേരിടുന്നതിനൊപ്പമാണ് വരവൂർ നിവാസികൾക്ക് കാടിറങ്ങി വരുന്ന വന്യജീവികൾ വരുത്തി വയ്ക്കുന്ന കൃഷിനാശവും വെല്ലുവിളിയാവുന്നത്. നെല്ല് , വാഴ, ചേന തുടങ്ങി കണ്ണിൽക്കണ്ടതെല്ലാം ഇളക്കി മറിച്ച് പോവുന്നതാണ് കാട്ടുമൃഗങ്ങളുടെ രീതി. ഉയർന്ന വില ലഭിക്കേണ്ട ചങ്ങാലിക്കോടൻ കൃഷിയും കാട്ടുപന്നികൾ നശിപ്പിച്ചിട്ടുണ്ട്.
വരവൂർ പഞ്ചായത്തിലെ മേതൃക്കോവിൽ സുനിൽകുമാറിന്‍റെ ഒരേക്കറോളം സ്ഥലത്തെ ചങ്ങാലിക്കോടൻ നേന്ത്രവാഴക്കൃഷിയിലെ പകുതിയോളവും കഴിഞ്ഞ ദിവസം കാട്ടുപന്നികൾ തകർത്തെറിഞ്ഞു. മൂന്ന് മാസം വളർച്ചയെത്തിയ നേന്ത്രവാഴകളാണ് നശിപ്പിച്ചത്. വേലി തകർത്താണ് പന്നിക്കൂട്ടം തോട്ടത്തിൽ കയറിയത്. 30000ത്തിലധികം രൂപയുടെ നഷ്ടം വന്നതായി സുനിൽ പറയുന്നു.
വനാതിർത്തിയിൽ വൈദ്യുതി ഫെൻസിങും കിടങ്ങുകളും നിർമ്മിച്ചാൽ ഒരുപരിധിവരെ വന്യജീവികളുടെ ആക്രമണം തടയാൻ സാധിക്കും. വനം-കൃഷി വകുപ്പുകളുടെ നടപടിക്കായി കാത്തിരിക്കുകയാണ് കർഷകർ.