തൃശൂര്‍ : വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ മകൻ അനീഷ് കീഴടങ്ങി. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയ്ക്ക് കമ്മിഷണർ ഓഫിസിൽ കീഴടങ്ങിയ അനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയ്‌ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഞായറാഴ്‌ച രാവിലെയാണ് വീടിനുപുറത്തെ റോഡില്‍വച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും കൊലപ്പെടുത്തിയത്. സംഭവം കണ്ട് ഓടിക്കൂടിയവരെ ഭീഷണിപ്പെടുത്തി പൊലീസിനെയും വിവരമറിയിച്ചാണ് അനീഷ് ബൈക്കില്‍ രക്ഷപ്പെട്ടത്. കെ.എൽ എട്ട് പി 0806 നമ്പറിലുള്ള കറുപ്പ്, നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ബൈക്കിലാണ് പ്രതി കടന്നുകളഞ്ഞത്.
വാക്കേറ്റം തുടങ്ങിയത് മാവിന്‍ തൈ നടലില്‍ : സംഭവദിവസം തന്നെ പ്രതിയ്‌ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വീടിന് മുന്‍പില്‍ മാവിന്‍ തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായുണ്ടായ വാക്കേറ്റമാണ് സംഭവത്തിന്‍റെ തുടക്കം.
തര്‍ക്കം മൂത്തതോടെ ചന്ദ്രികയുടെ കൈയിലുണ്ടായിരുന്ന മണ്‍വെട്ടി പ്രതി വാങ്ങി, തലയ്ക്കടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാന്‍ എത്തിയ പിതാവിനെ വെട്ടുകത്തികൊണ്ടും പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്, ഇയാള്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി.
ALSO READ | തൃശൂരില്‍ മകൻ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി
കഴുത്തിനുവെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസ് എത്തും മുന്‍പേ അനീഷ് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. അനീഷും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.