തൃശൂര്‍: ശക്തൻ നഗറിൽ നിർമിക്കുന്ന കോര്‍പ്പറേഷന്‍റെ സ്വപ്‌ന പദ്ധതിയായ ആകാശപ്പാതയുടെ ആദ്യഘട്ടം യാഥാർഥ്യമായി. പാതയുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്. മൂന്ന് മാസത്തിനകം നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ശക്തൻ നഗറിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ആകാശപ്പാത നിർമിക്കുന്നത്. നാല് ഭാഗത്ത് നിന്നും ഗോവണിയും ലിഫ്റ്റും അടക്കമുള്ള സൗകര്യങ്ങളും നിർമിക്കുന്നുണ്ട്. അടുത്തഘട്ട പ്രവര്‍ത്തനങ്ങളില്‍ ലിഫ്‌റ്റും, സോളാര്‍ പാനലുകളുടെ നിര്‍മാണവും പൂര്‍ത്തീകരിക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.
മെട്രോ നഗരങ്ങളിലെ പോലെ എയര്‍കണ്ടീഷനോടുകൂടിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാന്‍ ആഗ്രഹമുണ്ടെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. അതേസമയം പൊതുജനങ്ങള്‍ എത്രമാത്രം ആകാശപ്പാത ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്. നഗരത്തിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി സ്വരാജ് റൗണ്ടിലും കോർപ്പറേഷൻ ഓഫീസിന് സമീപത്തുമായി സ്ഥാപിച്ചിട്ടുള്ള സബ് വേകൾ യാത്രക്കാർ വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആകാശപ്പാത നിർമാണത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.