തൃശൂർ : അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ആയുധം കണ്ടെത്തിയ സംഭവത്തിൽ വന്‍ വഴിത്തിരിവ്. സംഘമെത്തിയത് കൊല്ലാനുള്ള ക്വട്ടേഷനുമായെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് (ഏപ്രിൽ 20) അപകടത്തിൽപ്പെട്ട കാറിൽ നിന്നും ആയുധം കണ്ടെത്തിയത്. സംഭവത്തിൽ ഒമ്പത് പേരെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
കോട്ടയം സ്വദേശികളായ ലിപിൻ, ബിബിൻ, അച്ചു സന്തോഷ്, നിക്കോളാസ്, അലക്‌സ്, നിഖിൽ ദാസ്, തൃശൂർ ചേർപ്പ് സ്വദേശികളായ ജിനു ജോസ്, മിജോ ജോസ്, സജൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
പൊലീസ് നൽകുന്ന വിവരം : തൃശൂർ വെങ്ങിണിശ്ശേരി സ്വദേശി ഗീവറിനെയും സുഹൃത്തിനേയും വധിക്കാനാണ് സംഘമെത്തിയതെന്ന് പൊലീസ് പറയുന്നു. കൊലക്കേസിൽ സാക്ഷിമൊഴി നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഭവങ്ങളുടെ തുടക്കം.
ചേവൂർ സ്വദേശികളും സഹോദരങ്ങളുമായ മിജോയും ജിനുവും നേരത്തെ ഒരു കൊലപാതകക്കേസിൽ സാക്ഷികളായിരുന്നു. ഈ കേസിൽ സാക്ഷിമൊഴി നൽകരുതെന്ന് ആവശ്യപ്പെട്ട് വെങ്ങിണിശ്ശേരി സ്വദേശി ഗീവറും സുഹൃത്തും ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഗീവറിനെയും സുഹൃത്തിനെയും വധിക്കാൻ കോട്ടയത്തെ സംഘത്തെ വിളിച്ചുവരുത്തി ഇരുവരും ക്വട്ടേഷൻ നൽകിയത്.
നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആയിരുന്നു മിജുവും ജിനുവും. ജയിലിൽ കഴിയവേ ആണ് കോട്ടയത്തെ ആറംഗ സംഘത്തിന്‍റെ നേതാവ് അച്ചുവിനെ പരിചയപ്പെട്ടത്. മിജുവും ജിനുവും അച്ചുവിന്‍റെ സംഘത്തിന് ക്വട്ടേഷൻ ഏൽപ്പിച്ചതിനെ തുടർന്നാണ് ഇവർ തൃശൂരിൽ എത്തിയത്.
തൃശൂരിൽ എത്തിയ അന്നുതന്നെ ഇവർ സഞ്ചരിച്ച വാഹനം വെങ്ങിണിശ്ശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ചു. പ്രതികൾ വാഹനം ഉപേക്ഷിച്ച് പോയെങ്കിലും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കാറിൽ നിന്നും വടിവാൾ കണ്ടെടുത്തു. മറ്റൊരു കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
ചേവൂരിൽ കാറിനെ പിന്തുടർന്ന പൊലീസ് അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. അതിവേഗത്തിൽ പാഞ്ഞ കാർ ഇടിച്ചുനിർത്തി അഞ്ച് പേരെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്‌തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതും പിടികൂടുന്നതും. പ്രതികൾക്ക് കഞ്ചാവ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. പുകവലിക്കുന്നതിന് ഉപയോഗിക്കുന്ന ഹുക്ക പോലുള്ള ഉപകരണവും മറ്റും പിടികൂടിയ കാറിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.