തൃശൂർ: പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. ഇതോടൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്. രാവിലെ ഒന്‍പതേ മുക്കാലോടെയായിരുന്നു കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തിയതോടെ പൂരത്തിന് ഔദ്യോഗിക തുടക്കമായി.
ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടിയിട്ടുണ്ട്. തുടര്‍ന്ന് തിരുവമ്പാടിയിലും കൊടിയേറ്റ് നടന്നു. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തി.
നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി.തിരുവമ്പാടി കൊടിയേറ്റം പൂരത്തിന്‍റെ പങ്കാളികളായ 8 ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറ്റ് നടന്നു. പാറമേക്കാവിലെ കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ മേളവും അരങ്ങേറി.
കൊവിഡ് തീർത്ത രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന സമ്പൂര്‍ണ പൂരത്തെ ആഘോഷമാക്കാനുള്ള ആവേശത്തിലാണ് തൃശൂര്‍ നഗരവും തട്ടകക്കാരും പൂരപ്രേമികളും.