തൃശ്ശൂര്‍: മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതി പൊലീസ് സ്റ്റേഷനില്‍ ആദ്യം കൊലവിളിയും പിന്നെ മാപ്പപേക്ഷയും നടത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനാണ് കഥയിലെ താരം. ഇയാൾ തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിയിരുന്നു. അതിനിടെ വീട്ടുകാര്‍ പിടികൂടി തൃശൂർ ഈസ്റ്റ് പൊലീസില്‍ ഏല്‍പ്പിച്ചു.
തനിനിറം പുറത്തായത് ഇങ്ങനെ: തൃശൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പഴാണ് സൈവിൻ 'തനിനിറം' കാണിച്ചത്.. 'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ', സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടിൽ കേറില്ല. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നതടക്കമായിരുന്നു കൊലവിളി.
ആദ്യം പൊലീസിന് നേരെയുള്ള വധശ്രമത്തിന്‍റെ വീഡിയോ പുറത്തുവന്നു. പിറ്റേന്ന് ലഹരി ഇറങ്ങിയതോടെ പൊലീസിനോട് ഇയാള്‍ മാപ്പുപറയുന്ന വീഡിയോ കൂടി വന്നതോടെ സംഗതി വൈറലായി. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണിയാള്‍. എല്ലാം ലഹരിയുടെ പുറത്ത് പറഞ്ഞതാണെന്നും എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്ന് കരഞ്ഞുകൊണ്ടുള്ള സൈവിന്‍റെ വിശദീകരണം വരുന്ന വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ്.
അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.
Also Read: കേസ് പിൻവലിക്കാൻ ആത്മഹത്യാഭീഷണി ; യുവാവിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്