തൃശൂർ : പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ ജയിൽ മോചിതനായി. തനിക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയാണ് മോചനമെന്ന് താഹ പ്രതികരിച്ചു.
വളരെ രാഷ്‌ട്രീയ പ്രാധാന്യമുള്ള കേസാണിത്. അഭിഭാഷകര്‍, മാധ്യമ സുഹൃത്തുക്കൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങി ഒരുപാട് പേർ കൂടെ നിന്നു. അവർക്ക് നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും താഹ പറഞ്ഞു.
സിപിഎം പ്രവർത്തകരായ ചില സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാർട്ടിപരമായി യാതൊരു പിന്തുണയും ലഭിച്ചിട്ടില്ലെന്നും താഹ കൂട്ടിച്ചേർത്തു.
READ MORE:പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ അറസ്റ്റ് ചെയ്‌തത്. വിയ്യൂർ ജയിലിലായിരുന്നു താഹ തടവിൽ കഴിഞ്ഞിരുന്നത്.
അലനും താഹയ്ക്കും വിചാരണ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അലന്‍റെ ജാമ്യം ശരിവച്ച ഹൈക്കോടതി താഹയുടേത് റദ്ദാക്കി. തുടര്‍ന്നാണ് താഹ ഫസല്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.