തൃശ്ശൂർ: മുസ്ലിം പെൺകുട്ടികൾ പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടെന്ന വിവാദ പരാമർശത്തില്‍ അധ്യാപകന് സസ്പെൻഷൻ. തൃശ്ശൂർ കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്‌തത്. ക്ലാസ് മുറിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാകിസ്ഥാനിലേക്ക് പോകാൻ ഒരുങ്ങിക്കൊള്ളാനുമാണ് അധ്യാപകൻ പറഞ്ഞത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത വിദ്യാലയത്തിലെത്തി ആരോപണ വിധേയനായ അധ്യാപകനിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ മൊഴിയെടുത്തു. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയ -വിദ്യാർഥി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു.