സൂര്യാഘാതം ഒഴിവാക്കാൻ നിർദേശങ്ങളുമായി ജില്ലാ ആരോഗ്യ വകുപ്പ്. രാവിലെ പതിനൊന്നു മുതൽ വൈകിട്ട് മൂന്നു വരെ വെയിൽ ഏൽക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിക്കാൻ സ്ഥാപനങ്ങൾക്ക് ലേബർ കമ്മീഷണർ നിർദേശം നൽകി.
കേരളത്തിന്‍റെവിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എട്ട് ഡിഗ്രിയിലധികം ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യതാപം ഏൽക്കാൻ സാധ്യതയുള്ളതിനാൽ തൃശൂർ ജില്ലയിൽ ജനങ്ങൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ നടപടികളുമായി മുന്നിട്ടിറങ്ങുന്നത്. കടുത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനർക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.