തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ചതിനാണ് സുരേഷ് ഗോപിക്ക് ജില്ലാ കളക്ടർ ടി വി അനുപമ നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാതൃക പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി പറഞ്ഞത്. ഏപ്രിൽ അഞ്ചിന് തേക്കിൻകാട് മൈതാനിയില്‍ നടന്ന എൻഡിഎ കൺവെൻഷനിലെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി.