തൃശൂർ: തൃശൂരിൽ മുന്നേറ്റമുണ്ടാക്കാൻ സുരേഷ് ഗോപി എംപിയെ പ്രചാരണത്തിനിറക്കി ബിജെപി. കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികൾക്കൊപ്പം സുരേഷ് ഗോപിയുടെ റോഡ് ഷോയും പ്രചാരണത്തിന്‍റെ ഭാഗമായുണ്ടായിരുന്നു. സംസ്ഥാനത്ത് എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ജില്ലകളിൽ ഒന്നാണ് തൃശൂർ.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചത് ജില്ലയിൽ ബിജെപിയുടെ വോട്ടിംഗ് ശതമാനം വർധിക്കാൻ കാരണമായിരുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ് വിജയം ഉറപ്പിക്കാൻ സുരേഷ് ഗോപിയെ രംഗത്തിറക്കിയുള്ള പ്രചാരണം. മിഷൻ 28 പ്ലസ് എന്ന മുദ്രാവക്യമുയർത്തിയാണ് എൻഡിഎ തൃശൂർ കോർപ്പറേഷനിൽ മത്സരിക്കുന്നത്. ഇത്തവണ ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. കുന്നംകുളം ചേലക്കര വടക്കാഞ്ചേരി തുടങ്ങി ജില്ലയിലെ വിവിധ ഇടങ്ങളിൽ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. തൃശൂർ കോർപറേഷൻ സ്ഥാനാർഥിക്കൊപ്പമുള്ള റോഡ് ഷോ ചേറ്റുപ്പുഴയിൽ നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ സമാപിച്ചു.