തൃശൂര്‍ : സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയുടെ അറസ്റ്റ് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചന കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊള്ളാച്ചിക്കടുത്ത് ദേവരായപുരത്ത് നിന്ന് ഇന്നലെയാണ് ഇയാളെ പിടികൂടിയത്.
കേസിലെ പ്രതിയായ പ്രവീണ്‍ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 13 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിയ്‌ക്ക് കൈമാറിയതായി ഇയാൾ ചോദ്യം ചെയ്യലില്‍ മൊഴി നൽകിയിട്ടുണ്ട്. പാലക്കാട് 55 സെന്‍റ് സ്ഥലവും ഉള്ളതായി പൊലീസിനോട് റാണ വ്യക്തമാക്കി.
അതിനിടെ, റാണയുടെ പക്കല്‍ നിന്നും ആറ് ഹാര്‍ഡ് ഡിസ്‌കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പൊലീസ് സൈബര്‍ വിംഗ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകളടക്കം വിശദാംശങ്ങള്‍ ഹാർഡ് ഡിസ്കില്‍ ഉള്ളതായാണ് സൂചന.
റാണ, പടമിടപാട് നടത്തിയ രണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, താന്‍ ആരേയും പറ്റിച്ചിട്ടില്ലെന്നും പണം തിരികെ നല്‍കുമെന്നും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിടെ പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ വാഹനത്തിന്‍റെ വിവരങ്ങൾ പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോൾ ബൂത്തുകളിൽ രേഖപ്പെടുത്തിയിരുന്നു.
പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ എത്തിയതിനുശേഷം അവിടുത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ നിന്നും പ്രവീൺ റാണ ഭാര്യയെ വിളിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിന്‍റെ ഉറവിടം പിന്തുടർന്നാണ് പൊലീസ് പ്രവീൺ റാണയെ പിടികൂടിയത്.