തൃശൂർ: തൃശൂരിൽ വ്യാജവാറ്റ് വ്യാപകമായ സാഹചര്യത്തില്‍ മലയോര മേഖലയിൽ പൊലീസ് എക്സൈസ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്‌ഡ്. പരിശോധനക്കിടെ മുട്ടിത്തടിയില്‍ നിന്ന് 140 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ കല്ലൂര്‍ മുട്ടിത്തടിയില്‍ ചിറപുറത്ത് ബാബുവിനെ (49) അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയോരപാതകളിലും കർശന പരിശോധന നടത്തി. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലയോരമേഖലകളായ കള്ളായി, മുട്ടിത്തടി, പാലപ്പിള്ളി, മന്ദലംകുന്ന്, പിച്ചാപ്പിള്ളി, എന്നീ പ്രദേശങ്ങളില്‍ ഡ്രോൺ പരിശോധന നടത്തി. വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന കര്‍ശനമായി തുടരും. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസ്, വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്. ജയകൃഷ്ണന്‍, പാലപ്പള്ളി റേഞ്ച് ഓഫീസര്‍ കെ.പി. പ്രേം ഷമീര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ കെ.കെ. വിശ്വനാഥന്‍, വരന്തരപ്പിള്ളി എസ്.ഐ സി. ചിത്തരഞ്ജന്‍, എക്‌സൈസ് ഉദ്യോഗസ്ഥരായ ടി.എസ് സുരേഷ് ശശികുമാര്‍, എന്‍.യു. ശിവന്‍, ജില്ലാ വിമുക്തി കോര്‍ഡിനേറ്റര്‍ കെ.കെ. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.