തൃശ്ശൂർ: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച മത്സ്യഭവനും ലൈബ്രറി കെട്ടിടവും സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമാവുന്നു. ചാവക്കാട് എടക്കഴിയൂർ ബീച്ചിലാണ് ഈ കെട്ടിടങ്ങൾ ഉള്ളത്. മത്സ്യത്തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ 14 ാം വാർഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് മത്സ്യങ്ങൾ വിപണനം നടത്തുന്നതിനായാണ് വർഷങ്ങൾക്ക് മുമ്പ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ ഇതുവരെയും ഇവിടെ പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കാത്തതാണ് കെട്ടിടത്തിൽ സാമൂഹ്യദ്രോഹികൾ വിളയാടുന്നതിന് കാരണം. പിന്നീട് ഇവിടെ തന്നെ പഞ്ചായത്ത് ലൈബ്രറി കെട്ടിടം നിർമ്മിച്ചു. എന്നാൽ ഇതും പ്രവർത്തനമാരംഭിച്ചിട്ടില്ല. പിന്നീട് മൂന്ന് വർഷം മുമ്പ് കുടിവെള്ള ക്ഷാമം പരിഹരിക്കാനായി രണ്ടു കെട്ടിടങ്ങളുടേയും നടുവിലായി ഒരു കിണർ സ്ഥാപിച്ചു. പാതി വഴിയിൽ നിർമ്മാണം നിലച്ച കിണർ ഇപ്പോൾ മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്.
ഈ മൂന്നു പദ്ധതികളും അവതാളത്തിലായതോടെ ഇവിടെ സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായി മാറുകയായിരുന്നു. ഇതൊന്നും അറിയാത്ത മട്ടിലാണ് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി അധികൃതർ. സാമൂഹ്യദ്രോഹികളെ വിലസാൻ സൗകര്യമൊരുക്കുന്ന പഞ്ചായത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിന് ഒരുങ്ങുകയാണ്. പുന്നയൂർപഞ്ചായത്ത് ഭരിക്കുന്ന ഭരണ സമിതി ഇത്തരത്തിലുള്ള വികസന പദ്ധതികളിൽ ആരംഭശൂരത്തം മാത്രമേ കാണിക്കുന്നുള്ളൂ എന്നതാണ് നാട്ടുകാരുടെ പരാതി.