തൃശൂർ: ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ. ബിജെപി സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്‌ച എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളവും ആവേശകരവുമായ സ്വീകരണമാണ് അണികൾ ഒരുക്കിയത്. മോദിയുടെ റോഡ് ഷോ നഗരത്തെ അക്ഷരാർഥത്തിൽ ഇളക്കിമറിക്കുന്നതായി (PM Modi Thrissur Roadshow).
തൃശൂരിലെ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിലാണ് റോഡ് ഷോ ആരംഭിച്ചത്. 3.40-നാണ് റോഡ് ഷോ തുടങ്ങിയത്. ബിജെപി അനുഭാവികൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളാണ് ജനറൽ ആശുപത്രി ജംഗ്ഷൻ മുതൽ വേദി വരെ ഏകദേശം രണ്ട് കിലോമീറ്റർ റോഡിന്‍റെ ഇരുവശത്തുമായി അണിനിരന്നത്.
അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി നെടുമ്പാശ്ശേരിയില്‍ എത്തിയത്. തുടർന്ന് ഹെലികോപ്‌റ്റര്‍ മുഖേന കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങി. അവിടെ നിന്ന് റോഡ് മാർഗം തൃശൂരിലേക്ക്. ലക്ഷദ്വീപില്‍ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലേക്ക് എത്തിയത്.
അതേസമയം റോഡിനിരുവശവും മാത്രമല്ല, ടെറസുകളിലും ബഹുനില കെട്ടിടങ്ങളുടെ ബാൽക്കണിയിലുമായി മോദിയെ കാണാനും കൈവീശി കാണിക്കാനുമായി നിരവധി പേർ സ്ഥാനം പിടിച്ചിരുന്നു. പരമ്പരാഗത കേരളീയ ഷാൾ അണിഞ്ഞായിരുന്നു മോദി എത്തിയത്. പ്രധാനമന്ത്രിക്കൊപ്പം അലങ്കരിച്ച, തുറന്ന ജീപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, സംസ്ഥാന മഹിളാ മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ എന്നിവരും ഉണ്ടായിരുന്നു.
റോഡ് ഷോയ്‌ക്ക് ശേഷം പ്രത്യേകമായി തയ്യാറാക്കിയ പാതയിലൂടെ, സദസില്‍ തടിച്ചു കൂടിയ മഹിളാ പ്രവര്‍ത്തകര്‍ക്ക് നടുവിലൂടെയാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. പ്രവർത്തകർ പുഷ്‌പ വൃഷ്‌ടിയോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി തൃശൂരിൽ എത്തുന്നത്. സുരക്ഷയ്ക്കായി മൂവായിരത്തിലധികം പൊലീസുകാരെയാണ് തൃശൂർ നഗരത്തിലും പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലുമായി വിന്യസിച്ചത്. പൂരനഗരി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍റേയും കേന്ദ്ര സേനയുടെയും നിരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ്‌പിജിയും ഏറ്റെടുത്തിരുന്നു.
അതേമയം സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിലാണ് ബിജെപി മഹിളാസമ്മേളനം നടത്തുന്നത് (Bjp's Election Campaign). പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തെ ബിജെപിക്ക് വലിയ വഴിത്തിരിവായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി എത്തുന്നതോടെ വലിയ മാറ്റങ്ങൾ തന്നെ കേരളത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞ സുരേന്ദ്രൻ നിരവധി ആളുകൾ ബിജെപിയിലേക്ക് എത്തുമെന്നും പ്രതീക്ഷ പങ്കുവച്ചിരുന്നു. ബിജെപിയിലേക്ക് ജനങ്ങളെ ചേർക്കുന്ന കാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.