തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നല്ലാതെ അതിനപ്പുറം കേരളത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് എൻസിപി നേതാവ് പിസി ചാക്കോ. കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും പിസി ചാക്കോ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഫലപ്രദമായ നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിക്കാത്തതി നാലാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പ്രസ് ക്ളബിന്‍റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിക്ക് വിജയം പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് സർവേ സംബന്ധിച്ച് എകെ ആന്റണിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ആദ്യം ഒരു തീരുമാനത്തിൽ എത്തണമെന്ന് പിസി ചാക്കോ പരിഹസിച്ചു. മൂന്നു പേരും സർവേയെപ്പറ്റി മൂന്നു തരത്തിലാണ് പ്രതികരിക്കുന്നത്. ഗൗരവകരമായ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വോട്ടുകൾ പോലുള്ള നിസാരമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.