തൃശൂർ: പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല, പ്രായവുമില്ലെന്ന് തെളിയിക്കുകയാണ് വൃദ്ധസദനത്തിലെ അന്തേവാസികളായ കൊച്ചനിയനും ലക്ഷ്മി അമ്മാളുവും. തൃശൂർ രാമവർമ്മപുരം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികളാണ് തങ്ങളുടെ പ്രണയ സാഫല്യമായി പുതുജീവിതത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. കേരളത്തിൽ ആദ്യമായാണ് സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾ തമ്മിൽ വിവാഹിതരാകുന്നത്.
രോഗവും ആകുലതകളും നിറഞ്ഞു നിൽക്കുന്ന വൃദ്ധസദനത്തിന്‍റെ ചുവരുകൾക്കുള്ളിൽ വിപ്ലവമെന്ന പോലെയാണ് ഇരുവരുടേയും വിവാഹ വാർത്ത പുറത്തുവന്നത്. ജീവിക്കാൻ തണലേകിയ സർക്കാർ ഒന്നിച്ചു ജീവിക്കാനും അവസരമൊരുക്കിയപ്പോൾ അറുപത്തേഴുക്കാരൻ കൊച്ചനിയൻ മേനോനും അറുപത്താറുകാരി ലക്ഷ്‌മി അമ്മാളും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു കൊച്ചനിയൻ. കൃഷ്ണയ്യരുടെ മരണശേഷം അമ്മാളിന്‍റെ ഏക ആശ്രയവും കൊച്ചനിയനായിരുന്നു. പിന്നീട് ശാരീരിക അവശതകളുള്ള അമ്മാളിനെ കൊച്ചനിയൻ രാമവർമ്മപുരത്ത് സുരക്ഷിതയാക്കി പോയി. പിന്നീട് അസുഖ ബാധിതനായി ഇതേ വൃദ്ധസദനത്തിലേക്ക് കൊച്ചനിയനും എത്തുകയായിരുന്നു.
ഡിസംബര്‍ 28ന് നടക്കുന്ന വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ് രാമവർമ്മപുരം വൃദ്ധസദനം. ഇനിയുള്ള കാലം സ്നേഹവും സൗഹൃദവും വീണ്ടെടുത്ത് പരസ്‌പരം താങ്ങും തണലുമായി ജീവിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കൊച്ചനിയനും ലക്ഷ്‌മിയമ്മാളും ജീവിതത്തിൽ ഒന്നിക്കുന്നത്.
വൃദ്ധസദനങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് പരസ്പരം വിവാഹം ചെയ്യാനുള്ള അനുമതി കഴിഞ്ഞയിടെയാണ് സർക്കാർ പുറത്തിറക്കിയത്. കൊച്ചനിയനും ലക്ഷ്‌മി അമ്മാളും തമ്മിലുള്ള വിവാഹം സർക്കാർ തന്നെയാണ് നടത്തിക്കൊടുക്കുന്നതും.