തൃശൂർ: ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് ലോക നഴ്‌സസ് ദിനത്തിൽ തൃശൂർ രാമനിലയത്തിന് ചുറ്റും കാർട്ടൂൺ മതിൽ ഉയർന്നു. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ നടത്തുന്ന ബ്രേക്ക് ദ ചെയിൻ പ്രചാരണത്തിന്‍റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാഭിവാദ്യമർപ്പിക്കാൻ കേരളത്തില്‍ ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായ തൃശൂരിനെ തെരഞ്ഞെടുക്കുകയായിരുന്നു. ജില്ലാ കലക്ടർ എസ്.ഷാനവാസ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഡിഎംഒ ഡോ. റീന കലാകാരന്മാർക്ക് സാനിറ്റൈസറും മാസ്ക്കും നൽകി. മുൻകരുതൽ സന്ദേശങ്ങളും ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവുമാണ് മതിലിൽ തീർത്ത ചിത്രങ്ങൾ പറയുന്നത്. മാസ്‌ക്, സോപ്പ്, സാമൂഹിക അകലം തുടങ്ങിയ കരുതൽ നിർദേശങ്ങളാണ് കാർട്ടൂണുകളിലൂടെ ജനകീയമാക്കുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നടപ്പിലാക്കുന്ന പരിപാടിയുടെ രണ്ടാമത്തെ മതിലാണ് തൃശൂരിൽ തീർത്തത്. കാർട്ടൂൺ ആക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, മുതിർന്ന കാർട്ടൂണിസ്‌റ്റും മായാവി, ലുട്ടാപ്പി തുടങ്ങിയ കഥാപാത്രങ്ങളെയും സൃഷ്‌ടിച്ച മോഹൻദാസ്, രതീഷ് രവി, സുരേഷ് ഡാവിഞ്ചി, മധൂസ്, ടി.എസ്. സന്തോഷ്, പ്രിയരഞ്ജിനി, ദിൻരാജ്, ഷാക്കിർ എറവക്കാട് എന്നീ കലാകാരന്മാരും പങ്കെടുത്തു. സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.പി. സജീവ്, കോ ഓർഡിനേറ്റർമാരായ എ.ആർ. ശരത്, വി.പി. സുബിൻ എന്നിവർ നേതൃത്വം നൽകി.