തൃശൂര്‍: ലോറിയുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്‍റെ സമ്മർദം മൂലം യുവാവ് ജീവനൊടുക്കിയതായി പരാതി. തൃശൂർ കല്ലൂർ സ്വദേശി അഭിലാഷാണ് ആത്മഹത്യ ചെയ്‌തത്. കർണാടക ഗുണ്ടൽപേട്ടിലെ ലോഡ്‌ജില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോറി വാങ്ങിയ ശേഷം രണ്ട് പേർ ചതിച്ചെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് അഭിലാഷും സുഹൃത്തും ചേര്‍ന്ന് ലോറി വാങ്ങിയത്. അഭിലാഷിന്‍റെ പേരിലായിരുന്നു ലോറി രജിസ്റ്റര്‍ ചെയ്‌തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഏഴര ലക്ഷം രൂപ വായ്‌പയെടുത്താണ് ലോറി വാങ്ങിയത്.
എറണാകുളം മാറമ്പിള്ളി സ്വദേശിക്കായി തടി കൊണ്ടുപോയ ഓട്ടമാണ് കെണിയായത്. രേഖകളില്ലാത്ത തടി വനം വകുപ്പ് പിടികൂടി. ഇതോടെ ലോറിയും കസ്റ്റഡിയിലായി.
ലോറി ഏറ്റെടുത്ത് വായ്‌പ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ തടിയുടമ അഭിലാഷുമായി കരാറും ഒപ്പിട്ടു. എന്നാല്‍ തിരിച്ചടവ് ഉണ്ടായില്ലെന്ന് അഭിലാഷിന്‍റെ ഭാര്യ ലിബി പറയുന്നു. തിരിച്ചടവ് മുടക്കം വന്നതോടെ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി റവന്യൂ റിക്കവറി ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നറിയിച്ചു. ഇതിന്‍റെ സമ്മര്‍ദമാണ് അഭിലാഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഭാര്യ വ്യക്തമാക്കി.
സമ്മര്‍ദത്തെ തുടര്‍ന്ന് അഭിലാഷ് 41 ദിവസം മുമ്പ് നാടുവിട്ടിരുന്നു. അഭിലാഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതിയും നല്‍കി. ഇതിനിടെയാണ് ശനിയാഴ്‌ച അഭിലാഷിനെ ഗുണ്ടല്‍പേട്ടിലെ ലോഡ്‌ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ലോറി ഇടപാടിൽ ചതിച്ച രണ്ട് പേർക്കെതിരെയും ധനകാര്യ സ്ഥാപനത്തിനെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.